ചായകുടിച്ചും സര്‍ക്കാരിനെ മുടിക്കാം.ഐ.എ.എസ്.ഉദ്യോഗസ്ഥരുടെയും അവരുടെ ഒാഫീസുകളുടെയും ചായ–കാപ്പി കണക്കില്‍ ലക്ഷങ്ങളാണ് സര്‍ക്കാരിന് ചെലവാകുന്നത്. ചീഫ് സെക്രട്ടറിയുടെയും മറ്റ് സെക്രട്ടറിമാരുടെയും ഒാഫീസുകള്‍ ചായയും കടിയും വാങ്ങി ചെലവാക്കിയത് ആറ് ലക്ഷം രൂപ. 2025 ഒക്ടോബര്‍മുതലുള്ള മൂന്നുമാസത്തെ കണക്കാണിത്.
ഞെട്ടേണ്ട, ആറു ലക്ഷത്തി അയ്യായിരത്തി നാനൂറ്റി മുപ്പത്തിനാലുരൂപ, 2025 ഒക്ടോബര്‍ , നവംബര്‍ , ഡിസംബര്‍മാസങ്ങളില്‍ചീഫ് സെക്രട്ടറിയുടെയും മറ്റ് സെക്രട്ടറിമാരുടെയും ഒാഫീസുകള്‍ വാങ്ങിയ ചായ ,കാപ്പി, ലൈറ്റ് റിഫ്രഷ്മെന്‍റുകള്‍ എന്നിവക്ക് ചെലവായ തുകയാണിത്. ഒാരോമാസവും ശരാശരി രണ്ട് ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട്. ആകെ ഒരാശ്വാസം സെക്രട്ടേറിയറ്റ് വളപ്പിലെ ഇന്ത്യന്‍കോഫി ഹൗസില്‍ നിന്നാണ് ചായയും കടിയും വാങ്ങിയിരിക്കുന്നത് എന്നുള്ളതാണ്.
കോഫിബോര്‍ഡ് തൊഴിലാളികളുടെ സഹകരണ സംഘത്തിനാണല്ലോ ഖജനാവിലെ കാശ് ലഭിക്കുന്നതെന്നതും സന്തോഷം. മൂന്നുമാസം ഒാഫീസ് പ്രവര്‍ത്തിച്ച സമയത്തുമാത്രം ഇത്രയധികം ചായയും കാപ്പിയും കടികളും വാങ്ങിയതെങ്ങിനെയെന്ന് അദ്ഭുതം തോന്നുക സ്വാഭവികം. 72 പ്രവൃത്തി ദിവസങ്ങളില്‍ ശരാശരി 8408 രൂപ ചായക്കണക്കില്‍ ചെലവായിട്ടുണ്ട്. ഐ.എ.എസ് ഉദ്യോഗസ്ഥരെ കാണാന്‍വരുന്ന സാധാരണക്കാരൊഴിച്ചുള്ളവരോടെല്ലാം ആഥിത്യമര്യാദ അല്‍പ്പം കൂടുതല്‍കാണിച്ചിട്ടുണ്ടാവാം. ഇതൊന്നും വലിയ തുകയല്ല, സെക്രട്ടേറിയറ്റ് ഭരണ സിരാകേന്ദ്രമല്ലേ എന്നുചോദിക്കുന്നവരും ഉണ്ടാകും. ട്രഷറിയില്‍ പൂച്ച പെറ്റുകിടന്നാലും ഇല്ലെങ്കിലും ചായക്കാശ് അനുവദിച്ച് സര്‍ക്കാര്‍ ഈ രണ്ടാം തീയതി ഉത്തരവിറക്കി.