യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്‍റെ ചോദ്യം ചെയ്യലിനെ ചൊല്ലി രാഷ്ട്രീയപ്പോര് മുറുകുന്നു. സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ യു.ഡി.എഫ് എന്ന് മുഖ്യമന്ത്രി പ്രസംഗിച്ചതിന് പിന്നാലെയുള്ള ചോദ്യം ചെയ്യല്‍ രാഷ്ട്രീയപ്രേരിതമെന്ന് കെ.സി.വേണുഗോപാലും കെ.സുധാകരനും രമേശ് ചെന്നിത്തലയും ആരോപിച്ചു. പ്രതിപക്ഷനേതാവ് പ്രതികരിക്കാന്‍ തയാറായില്ല. എന്നാല്‍ അടൂര്‍ പ്രകാശ് പെരുങ്കള്ളന്‍മാരുടെ സമ്മാനം വാങ്ങിയെന്ന് എം.വി.ഗോവിന്ദനും വി.ശിവന്‍കുട്ടിയും ആരോപിച്ചു.
കെ.സി.വേണുഗോപാല്‍ വഴി സ്വര്‍ണക്കൊള്ള കോണ്‍ഗ്രസിന്‍റെ തലയിലിടാനുള്ള രാഷ്ട്രീയനീക്കം മുഖ്യമന്ത്രി പറഞ്ഞുവച്ചത് ഇന്നലെ പത്തനംതിട്ടയില്‍. ഒറ്റരാത്രി കഴിഞ്ഞപ്പോള്‍ യു.ഡി.എഫ് കണ്‍വീനര്‍ ചോദ്യമുനയില്‍. ഈ ടൈമിങിന് കാരണം എസ്.ഐ.ടിയെ സര്‍ക്കാര്‍ രാഷ്ട്രീയ ആയുധമാക്കിയതാണെന്ന ആരോപണം കോണ്‍ഗ്രസ് ഒന്നടങ്കം ഉന്നയിക്കുന്നത്. സ്വന്തം തടി കേടായപ്പോള്‍ മറ്റുള്ളവരെ കൂടി പെടുത്താനുള്ള വിഫലശ്രമമെന്ന് കെ.സി.വേണുഗോപാല്‍.
അടൂര്‍ പ്രകാശിനേ പോലെ തന്നെ പോറ്റിയോട് അടുപ്പം പുലര്‍ത്തിയിരുന്ന കടകംപള്ളി സുരേന്ദ്രനെ ഡിസംബര്‍ അവസാനം ചോദ്യം ചെയ്തത ശേഷം തുടര്‍നടപടികളില്ലാത്തതും രാഷ്ട്രീയപ്രേരിതമെന്ന ആരോപണത്തിന്‍റെ തെളിവായി യു.ഡി.എഫ് ഉയര്‍ത്തുന്നു. എന്നാല്‍ പ്രതിപക്ഷ നേതാവ് കാര്യമായി പ്രതികരിച്ചില്ല. എന്നാല്‍ വീണുകിട്ടിയ അവസരമാക്കി ആഘോഷിക്കുകയാണ് സി.പി.എമ്മും സര്‍ക്കാരും. വിദ്യാഭ്യാസമന്ത്രി വീണ്ടും സോണിയ ഗാന്ധിയെ സ്വര്‍ണക്കൊള്ളയിലേക്ക് വലിച്ചിഴച്ചു.