തിരുവല്ലയില്‍ ഗുണ്ടാപ്പിരിവ് നല്‍കാത്തതിന് ലൈംഗികാതിക്രമം. സ്പാ നടത്തിപ്പുകാരിയെ ബലമായി ചുംബിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ‘മരണ സുബിന്‍’ എന്ന് വിളിക്കുന്ന സുബിന്‍ അലക്സാണ്ടറും കൂട്ടാളികളുമാണ് പിടിയിലായത്. കാപ്പാ കേസ് പ്രതിയാണ് സുബിന്‍. ഫെബ്രുവരി ഒന്നിന് ഉച്ചയോടെയാണ് സംഭവം. തിരുവല്ല പൊലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പൊലീസിന്റെ റഡാറിലുണ്ടായിരിക്കേണ്ട കൊടും ക്രിമിനലും കൂട്ടരുമാണ് തിരുവല്ല നഗരത്തില്‍ ദിവസങ്ങളോളം ഗുണ്ടാവിളയാട്ടം നടത്തിയത്. കുറച്ചു ദിവസങ്ങളായി ഇവര്‍ സ്പാ സെന്‍ററിലെത്തുന്നുണ്ടായിരുന്നു. ഗുണ്ടാപ്പിരിവ് വേണമെന്നായിരുന്നു ആവശ്യം. 50,000രൂപ നല്‍കണമെന്നു പറഞ്ഞെങ്കിലും പറ്റില്ലെന്ന് സ്പാ ഉടമയും ജീവനക്കാരും പറഞ്ഞു.
തുടര്‍ന്നാണ് ഫെബ്രുവരി 1ന് ഇവര്‍ സ്പാ സെന്‍ററിലെത്തി അതിക്രമം കാട്ടിയത്. കത്തികാട്ടി ഭീഷണിപ്പെടുത്തുകയും വിഡിയോ ചിത്രീകരിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. വാതിലടച്ചിട്ടായിരുന്നു അക്രമം. യുവതിയെ ബലം പ്രയോഗിച്ച് കടന്നുപിടിച്ച് ചുംബിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു
സംഭവത്തെക്കുറിച്ച് വിവരം ലഭിച്ച സമയത്ത് പൊലീസിന്‍റെ ഭാഗത്ത് വീഴ്ചയുണ്ടായതായി ആരോപണമുണ്ട്. പിന്നീട് ഇന്‍റലിജന്‍സ് വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് മേധാവി ഇടപെട്ടാണ് ജീവനക്കാരുടെ മൊഴിയെടുത്തത്. ഉടന്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യുകയും പ്രതികളെ വീട്ടിലെത്തി പിടികൂടുകയുമായിരുന്നു.