മരണാനന്തര ബഹുമതിയായി വി.എസ്. അച്യുതാനന്ദന് കേന്ദ്രം നൽകിയ പത്മവിഭൂഷൺ സ്വീകരിക്കില്ലെന്ന് സൂചന. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്നും ലഭിച്ച കത്തിനൊപ്പമാണ് വി.എസിന്റെ മകൻ അരുൺ കുമാർ നിലപാട് വ്യക്തമാക്കി ഫെയ്സ്ബുക്കില്‍ കുറിച്ചത്.
പുരസ്കാരം വി.എസിന്റെ പൊതുജീവിതത്തോടുള്ള ആദരവായി കാണുന്നു. ജനങ്ങൾ അദ്ദേഹത്തിന് നൽകുന്ന സ്നേഹമാണ് ഏറ്റവും വലിയ കരുത്ത്. ഔദ്യോഗിക പുരസ്കാരങ്ങൾ സ്വീകരിക്കുന്നതിൽ പാർട്ടിക്ക് വ്യക്തമായ നിലപാടുകളുണ്ട്. ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയിൽ വി.എസ്. മുറുകെ പിടിച്ച ആ മൂല്യങ്ങൾക്കും പാർട്ടി തീരുമാനത്തിനും ഒപ്പമാണ് കുടുംബം. ഏതൊരു പുരസ്കാരത്തേക്കാളും വലുത് വി.എസിന് ജനഹൃദയങ്ങളിൽ ലഭിച്ചിട്ടുള്ള സ്ഥാനമാണെന്ന് കുടുംബം വിശ്വസിക്കുന്നു. രാഷ്ട്രീയ നേതാക്കൾ പത്മ പുരസ്കാരങ്ങൾ സ്വീകരിക്കേണ്ടതില്ലെന്നത് സി.പി.ഐ.എമ്മിന്റെ പ്രഖ്യാപിത നയമാണ്. വി.എസിന് മുൻപ് ഇ.എം.എസ്. നമ്പൂതിരിപ്പാട്, ജ്യോതി ബസു, ഹർകിഷൻ സിങ് സുർജിത്, ബുദ്ധദേവ് ഭട്ടാചാര്യ എന്നിവര്‍ പുരസ്കാരങ്ങൾ നിരസിച്ചിരുന്നു.
വി.എസ്. ഉണ്ടായിരുന്നെങ്കിൽ ഈ പുരസ്കാരം നിരസിക്കുമായിരുന്നു എന്ന് സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ. ബേബി നേരത്തെ പ്രതികരിച്ചിരുന്നു. കുടുംബത്തിന്റെ തീരുമാനത്തോടെ വി.എസിന് പത്മ പുരസ്കാരം നൽകി രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള കേന്ദ്ര നീക്കങ്ങൾക്കും ഈ വിഷയത്തിലെ ചർച്ചകൾക്കും വിരാമമായിരിക്കുകയാണ്.