ഇ.കെ.വിഭാഗം സമസ്തയിലെ ലീഗ് വിരുദ്ധ ചേരിയിലെ പ്രധാനിയായ ഉമര്‍ ഫൈസി മുക്കത്തെ വഖഫ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍. താന്‍ സഖാവല്ലെന്നും പാണക്കാട് തങ്ങള്‍മാരുമായി നല്ല ബന്ധമാണുള്ളതെന്നും മുശാവറ അംഗം കൂടിയായ ഉമര്‍ ഫൈസി ഇന്നലെ പരസ്യമായി പറഞ്ഞതിന് പിന്നാലെയാണ് സര്‍ക്കാര്‍ വിജ്ഞാപനം. പുതിയ ബോര്‍ഡില്‍ മുസ്‍ലിം സംഘടനകളുടെ എതിര്‍പ്പ് ഭയന്ന് മുസ്ലീങ്ങളല്ലാത്ത രണ്ടുപേരുടെ ഒഴിവ് നികത്തിയിട്ടില്ല.
സമസ്തയിലെ സിപിഎം അനുകൂലികളില്‍ പ്രധാനിയും പാണക്കാട് സാദിഖലി തങ്ങളെ പലതവണ വിമര്‍ശിക്കുകയും ചെയ്ത ഉമര്‍ ഫൈസി മുക്കം കഴിഞ്ഞദിവസം കാസര്‍കോട് നടത്തിയ പ്രസംഗത്തിലാണ് സഖാവല്ലെന്നും പാണക്കാട് തങ്ങള്‍മാരുമായി നല്ല ബന്ധമാണുള്ളതെന്നും പറഞ്ഞത്. വഖഫ് ബോര്‍ഡ് അംഗമാകുമെന്ന സൂചന ലഭിച്ച ഉമര്‍ ഫൈസി, താന്‍ ലീഗ് വിരുദ്ധനായതുകൊണ്ടല്ല അംഗത്വം കിട്ടിയതെന്ന് വരുത്തിതീര്‍ക്കാനാണ് ഇത്തരമൊരു പ്രസ്താവന നടത്തിയതെന്നാണ് എതിര്‍വിഭാഗത്തിന്‍റെ വിലയിരുത്തല്‍. ഉമര്‍ ഫൈസിയെ അംഗമാക്കിയതിലൂടെ സമസ്തയിലെ ലീഗ് വിരുദ്ധരെ പൂര്‍ണമായും ഒപ്പം നിര്‍ത്താന്‍ ആകുമെന്നാണ് സര്‍ക്കാരിന്‍റെ കണക്കുകൂട്ടല്‍.
എം.പി.സക്കീര്‍ അധ്യക്ഷനായ 9 അംഗ ബോര്‍ഡാണ് നിലവില്‍ വന്നത്. പുതിയ കേന്ദ്രനിയമം അനുസരിച്ച് മുസ്‌ലീംങ്ങളല്ലാത്ത രണ്ടുപേരെ കൂടി അംഗമാക്കേണ്ടതുണ്ട്. എന്നാല്‍ മുസ്‌ലിം സംഘടനകളുടെ എതിര്‍പ്പ് ഭയന്നാണ് അത് നികത്താഞ്ഞതെന്നാണ് സൂചന. ബോര്‍ഡിലുള്ള മൂന്ന് മുസ്‌ലിം വനിതകളില്‍ രണ്ടുപേര്‍ ജനപ്രതിനിധികളും ഒരാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥയുമാണ്. നിലവിലുണ്ടായിരുന്ന കമ്മിറ്റിയുടെ കാലാവധി 2024 ഡിസംബറില്‍ കഴിഞ്ഞെങ്കിലും പുതിയ കമ്മിറ്റി വരുന്നതുവരെ തുടരാന്‍ കോടതി അനുവദിക്കുകയായിരുന്നു.