സംസ്ഥാനത്ത് മിൽമ പാൽവില ലീറ്ററിന് നാല് രൂപയുടെ വർധന നാളെമുതൽ പ്രാബല്യത്തിൽ. എട്ട് മാസം മുൻപ് ധാരണയായ വില വർധനയാണ് നടപ്പാക്കുന്നതെന്ന് മിൽമ. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് മിൽമയുടെ തീരുമാനമെന്നും ഇപെടാൻ പരിമിതിയുണ്ടെന്നുമാണ് സർക്കാർ വിശദീകരണം.

 

ചെലവ്, ചെലവ് ജീവിത ചെലവ്. ഉയരെ ഉയരെ കുതിക്കുന്ന സമയത്താണ് പാൽ വിലയും കൂടുന്നത്. മില്‍മ സ്മാര്‍ട്ട് ലീറ്ററിന് അന്‍പതില്‍ നിന്നും അന്‍പത്തി നാലാകും. ടോണ്‍ഡ് മില്‍ക്ക് അന്‍പത്തി രണ്ടില്‍ നിന്നും അന്‍പത്തി ആറിലേക്കുയരും. പ്രൈമിന്‍റെ വില അന്‍പത്തി ആറില്‍ നിന്നും അറുപതിലേക്കും കൊഴുപ്പ് കൂടിയ മില്‍മ റിച്ചിന് ആറ് രൂപ കൂടി അറുപത്തി നാലിലേക്കുമെത്തും. ബോട്ടിലില്‍ ലഭിക്കുന്ന ഒരു ലീറ്റര്‍ പാലിന്‍റെ വില എഴുപതില്‍ നിന്നും എഴുപത്തി അഞ്ചിലേക്കുയരും.

 

തൈര് ലീറ്ററിന് അഞ്ച് രൂപയുടെ വര്‍ധനയുണ്ട്. പാലിനും തൈരിനും വിലകൂടിയതൊഴിച്ചാല്‍ ഐസ്ക്രീം, നെയ്യ് ഉള്‍പ്പെടെയുള്ള മില്‍മയുടെ മറ്റ് ഉല്‍പ്പന്നങ്ങള്‍ക്ക് തല്‍ക്കാലം വിലയില്‍ മാറ്റമില്ല. പാലിന് വില കൂടിയെന്ന തീരുമാനം വരും മുന്‍പ് ചായയ്ക്ക് പതിനഞ്ച് രൂപ വരെ ഉയര്‍ന്ന നാട്ടില്‍ സകലതിനെയും മില്‍മ പാല്‍വില ബാധിക്കും. 

 

എട്ട് മാസം മുന്‍പ് ധാരണയായ തീരുമാനം തിരഞ്ഞെടുപ്പ് തിരക്ക് കഴിഞ്ഞ മുറയ്ക്ക് കര്‍ഷക ക്ഷേമം മുന്‍നിര്‍ത്തി നടപ്പാക്കിയെന്നാണ് മില്‍മയുടെ വിശദീകരണം. സര്‍ക്കാരിന് ഇടപെടാന്‍ കഴിയില്ലേ എന്ന് സ്വാഭാവിക സംശയം ആരെങ്കിലും ഉയര്‍ത്തിയാല്‍ ഹൈക്കോടതി മില്‍മയ്ക്ക് പാല്‍വില കൂട്ടാന്‍ അധികാരം നല്‍കിയെന്ന് വിശദീകരിക്കും. കൂടുന്നതൊന്നും പിന്നീട് കുറയുന്ന പതിവില്ലാത്ത നാട്ടില്‍ വരവിനൊപ്പം ചെലവുറപ്പിക്കാന്‍ ഓരോരുത്തരും നന്നായി കരുതേണ്ടി വരും.

ENGLISH SUMMARY:

Milma has announced a price hike for milk and curd across Kerala, effective from June 1. Milk prices will increase by ₹4 per litre, while curd prices will rise by ₹5 per litre. The revised rates affect Milma Smart, Toned Milk, Prime, Rich, and bottled milk variants. Milma says the decision was finalized eight months ago and implemented for the welfare of dairy farmers following a High Court-backed decision. Consumers across Kerala are expected to feel the impact as household expenses continue to rise.