unnikrishnan-potti

ശബരിമല സ്വര്‍ണക്കൊള്ളയില്‍ രണ്ടാമത്തെ കേസിലും ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് ജാമ്യം. ശ്രീകോവിലിനു മുന്നിലെ കട്ടിളപാളി സ്വർണ്ണ അപഹരണക്കേസിലാണ് ജാമ്യം. കേസില്‍ പോറ്റിയുടെ ജാമ്യ ഹർജിയിലെ വാദം ഇന്നലെ പൂർത്തിയായിരുന്നു.

ദ്വാരപാലക സ്വർണ അപഹരണ കേസിൽ ജനുവരി 21ന് പോറ്റിക്ക് ജാമ്യം കിട്ടിയിരുന്നു. രണ്ടാമത്തെ കേസിലും കൂടി  ജാമ്യം ലഭിച്ചതോടെ കേസില്‍ മുഖ്യപ്രതിയായ പോറ്റി ജയിലില്‍ നിന്നും പുറത്തിറങ്ങും. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്ത പശ്ചാത്തലത്തിലാണ് സ്വാഭാവിക ജാമ്യം ലഭിക്കുന്നത്.

കേസിൽ കുറ്റപത്രം സമർപ്പിക്കാത്തതു കാരണം പുറത്തിറങ്ങുന്ന മൂന്നാമത്തെ പ്രതിയാണ് പോറ്റി. നേരത്തേ മുരാരി ബാബുവിനും സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. തെളിവുകളുടെ അഭാവം ചൂണ്ടിക്കാണിച്ച് എസ്. ശ്രീകുമാറിനും ജാമ്യം ലഭിക്കുകയുണ്ടായി. ബോര്‍ഡ് പ്രസിഡന്‍റും കമ്മീഷണറുമായിരുന്ന എന്‍.വാസുവിനും ഫെബ്രൂവരി 15നകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ സ്വാഭാവിക ജാമ്യം ലഭിക്കും. മുന്‍ എക്സിക്യുട്ടീവ് ഓഫീസര്‍ ഡി.സുധീഷ്കുമാര്‍, തിരുവാഭരണം കമ്മീഷണര്‍ കെ.എസ്.ബൈജു എന്നിവര്‍ക്കം സ്വാഭാവിക ജാമ്യം ലഭിക്കാനുള്ള കാലാവധി അടുത്ത ആഴ്ചയോടെയാകും.

അതേസമയം, കേസിൽ പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിച്ചതിൽ ആശങ്കയില്ലെന്ന് ഹൈക്കോടതി ഇന്നലെ പറഞ്ഞിരുന്നു. എസ്.ഐ.ടിയുടെ അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും സ്വാഭാവിക ജാമ്യം ലഭിച്ചതു കൊണ്ട് കേസിൽ ഉൾപ്പെട്ടിട്ടുള്ള കുറ്റവാളികൾ ആരും രക്ഷപെടില്ലെന്നും കോടതി പറഞ്ഞു. സ്വർണക്കൊള്ള കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കുന്നതിനിടെയായിരുന്നു നിലവിലെ അന്വേഷണം ശരിയായ ദിശയിലെന്നും തങ്ങൾക്ക് വിശ്വാസമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കിയത്.

ENGLISH SUMMARY:

Unnikrishnan Potti, the main accused in the Sabarimala gold theft case, has been granted statutory bail in the second case related to the misappropriation of gold from the sanctum sanctorum's doorframe. Since the Special Investigation Team (SIT) failed to file a chargesheet within 90 days of the arrest, the court granted bail, following his previous bail in the Dwarpala gold theft case. Potti is the third accused to receive statutory bail, following Murari Babu and S. Sreekumar.