സിഎംആര്‍എല്‍-എക്സാലോജിക് ദുരൂഹ ഇടപാടിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യും. അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദ്ദേശം. ഇന്ന് 10 മണിക്കൂറോളമാണ് വീണയെ ചോദ്യം ചെയ്തത്. 10 മണിക്കൂറോളം നീണ്ട ഇന്നത്തെ ചോദ്യം ചെയ്യലിനുശേഷമാണ് അടുത്തയാഴ്ച വീണ്ടും ഹാജരാകണമെന്ന് ടി.വീണയോട് ഇ.ഡി ഉദ്യോഗസ്ഥർ നിർദ്ദേശിച്ചത് രാവിലെ ഒൻപതരയോടെയാണ് കൊച്ചിയിലെ ഇഡി ഓഫീസിലേക്ക് ടി.വീണ എത്തിയത്.
ഭർത്താവ് മുഹമ്മദ് റിയാസ് എം.എൽ.എയ്ക്കൊപ്പം അപ്രതീക്ഷിതമായിട്ടായിരുന്നു വീണയുടെ വരവ്. 11 മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി എട്ടരയോടെയാണ് അവസാനിച്ചത്. ഈ മാസം 29 ന് ഹാജരാകാനാണ് വീണയ്ക്ക് നിർദേശം നൽകിയത്. എന്നാൽ അന്ന് ഹാജരാകുന്നതിൽ അസൗകര്യം അറിയിച്ചതോടെയാണ് ഇന്ന് രാവിലെ ഹാജരാകാൻ ഇന്നലെ ഫോണിൽ വിളിച്ച് ഇഡി നിർദ്ദേശിച്ചത്. എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ 134 അനുബന്ധ രേഖകൾ ഇഡിയ്ക്ക് ഇന്നലെ ലഭിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു ഇന്നത്തെ ചോദ്യം ചെയ്യൽ.
എക്സാലോജിക് കമ്പനി സിഎംആര്‍എല്ലിന് നൽകിയ സേവനം, സിഎംആര്‍എല്ലിൽ നിന്ന് ലഭിച്ച പണം എന്തുചെയ്തു തുടങ്ങിയ ചോദ്യങ്ങൾക്കാണ് കഴിഞ്ഞ തവണ വീണ ഉത്തരം നൽകിയത്. സേവനവുമായി ബന്ധപ്പെട്ട രേഖകൾ ചോദിച്ചെങ്കിലും വീണക്ക് ഹാജരാക്കാനായിരുന്നില്ല. ഇതിനുശേഷം വീണയുടെ എച്ച്.ഡി.എഫ്.സി ബാങ്കിലെ ലോക്കറടക്കം ഇ.ഡി തുറന്നു പരിശോധിച്ചിരുന്നു. കേസിൽ സിഎംആര്‍എല്‍ അധികൃതരുടെ ആദ്യഘട്ട ചോദ്യം ചെയ്യൽ പൂർത്തിയായിട്ടുണ്ട്. സ്ഥാപക എം.ഡി ശശിധരൻ കർത്തയുടെ ഭാര്യ ജയ.എസ്.കർത്ത, മകൾ ഷിബി.എസ്.കർത്ത, മകൻ ശരൺ.എസ്.കർത്ത, മരുമകൻ അനിൽ ആനന്ദ പണിക്കർ എന്നിവരടക്കം 6 പേരെയാണ് ചോദ്യം ചെയ്തത്. ഇവരെയും വീണ്ടും ചോദ്യം ചെയ്യാനാണ് ഇഡിയുടെ തീരുമാനം.