ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് പണം നിക്ഷേപിച്ച നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റിൽ ഇ.ഡി. റെയ്ഡ്. തിരുവല്ല കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമുള്ള ഓഫീസിലും സ്ഥാപന ഉടമ എൻ.എം. രാജുവിന്റെ വീട്ടിലുമാണ് പരിശോധന നടക്കുന്നത്. അതേസമയം സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട റെയ്ഡ് അല്ല, സാമ്പത്തിക ക്രമക്കേടാണ് പരിശോധിക്കുന്നത് എന്നാണ് ഇ.ഡി. വൃത്തങ്ങൾ നൽകുന്ന വിവരം.

 

രാവിലെ ആറുമണിക്കാണ് ആറു വാഹനങ്ങളിലായി ഇ.ഡി. സംഘം തിരുവല്ലയിലെത്തിയത്. നെടുംപറമ്പിൽ ഫിനാൻസിന്റെ പൂട്ടിപ്പോയ തിരുവല്ലയിലെ ഓഫീസിലും എൻ.എം രാജുവിന്റെ രാമൻചിറയിലെ വീട്ടിലുമായിരുന്നു പരിശോധന. നെടുംപറമ്പിൽ ഫിനാൻസിൽ തന്ത്രി രണ്ടര കോടി രൂപ നിക്ഷേപിച്ചിരുന്നതായാണ് വിവരം. സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയിലായെങ്കിലും, ഉടമ അറസ്റ്റിലായിട്ടും തന്ത്രി പരാതി നൽകിയില്ല. ചോദ്യംചെയ്യലിൽ വെള്ളപ്പൊക്കത്തിൽ കുറച്ച് പണം നഷ്ടമായെന്നായിരുന്നു മറുപടി. സ്ഥാപനത്തിൽ നിന്ന് ആൻ്റോ ആൻ്റണി എംപി രണ്ടരക്കോടി രൂപ കൈപ്പറ്റി എന്നും തന്ത്രി രാജിവരുമായി എംപിക്കുള്ള ബന്ധമാണ് ഇതിലൂടെ തെളിയുന്നതെന്നും സിപിഎം ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇ.ഡി. പരിശോധന. സ്ഥാപനവുമായി ബന്ധപ്പെട്ട സാമ്പത്തിക തിരിമറി പരിശോധിക്കാനാണ് എത്തിയത് എന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം.

ENGLISH SUMMARY:

ED raids Nedumpurathil Credit Syndicate in Thiruvala in connection with the Sabarimala gold smuggling case where Thantri Kanthar Rajeevar deposited money. While the raid is related to financial irregularities, ED sources clarified that it is not directly linked to the gold smuggling itself.