ശബരിമലയില്‍ മില്‍മ ഒന്നരലക്ഷത്തിലേറെ ലീറ്റര്‍ വ്യാജനെയ്യ് വിതരണം ചെയ്തതില്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കും. ഗുണനിലവാരം പരിശോധിക്കേണ്ട ഉദ്യോഗസ്ഥര്‍ മില്‍മയുടെ ജീവനക്കാര്‍ക്കൊപ്പം തട്ടിപ്പിന് കൂട്ടുനിന്നുവെന്നാണ് പ്രാഥമികപരിശോധനയില്‍ തെളിഞ്ഞത്. അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വംമന്ത്രിക്ക് കത്ത് നല്‍കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ മനോരമ ന്യൂസിനോട് പറഞ്ഞു.

വര്‍ഷങ്ങളുടെ ശ്രമത്തിനൊടുവിലാണ് ശബരിമലയിലേക്കുള്ള നെയ്യ് വിതരണ കരാര്‍ മില്‍മ നേടിയത്‍. ആദ്യ സീസണില്‍ തന്നെ ഉദ്യോഗസ്ഥരുടെ ആത്മാര്‍ഥമായ ഇടപെടലിലൂടെ വ്യാജന്‍ വേണ്ടുവോളം മലകയറി. മില്‍മയുടെ വിശ്വാസ്യത പോലും ചോദ്യം ചെയ്യുന്ന മട്ടില്‍. ഒന്നര ലക്ഷത്തിലേറെ ലീറ്റര്‍ മില്‍മ നെയ്യ് വേണ്ടിയിരുന്ന സ്ഥലത്ത് തൊണ്ണൂറ് ശതമാനത്തിലേറെ വ്യാജന്‍ കയറിയെന്ന് അന്വേഷണ റിപ്പോര്‍ട്ട് തെളിയിക്കുന്നു. അതും നിശ്ചയിച്ചതിന്‍റെ നാല്‍പ്പത് ശതമാനത്തിലേറെ കൂടിയ വിലയ്ക്ക്.

മില്‍മ ഭരണസമിതിയും ചില ജീവനക്കാരും ചേര്‍ന്നുള്ള ആസൂത്രണത്തില്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും പങ്കാളികളായെന്നാണ് ക്ഷീരവികസന വകുപ്പിന്‍റെ അന്വേഷണത്തില്‍ തെളിയുന്നത്. പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് ഗുണനിലവാര പരിശോധന പൂര്‍ത്തിയാക്കി കൊണ്ടുപോകേണ്ട നെയ്യ് വിതരണക്കാരനെ മാത്രം വിശ്വസിച്ച് ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ കടത്തിവിട്ടു. വെറും വിശ്വാസമാണോ അതോ ബോധപൂര്‍വമുള്ള സഹായമാണോ എന്നാണ് അറിയാനുള്ളത്. അന്വേഷണത്തിന് ദേവസ്വം മന്ത്രിക്ക് കത്ത് നല്‍കുമെന്ന് ബിന്ദുകൃഷ്ണ പറഞ്ഞു.

ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ സഹായിച്ചിട്ടുണ്ടോ എന്നത് ഗൗരവമായി പരിശോധിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ.ജയകുമാറും അറിയിച്ചു. ശബരിമലയിലേക്കുള്ള നെയ്യ് വിതരണ കരാറില്‍ മില്‍മയെ നിലനിര്‍ത്തുമോ എന്നതിലും വൈകാതെ തീരുമാനമുണ്ടാവും. ആടിയ ശിഷ്ടം നെയ്യ് വില്‍പനയിലെ ക്രമക്കേടിന് മില്‍മ നെയ്യിലെ മായവുമായി ബന്ധമുണ്ടോ എന്നതിലും ഗൗരവമായ അന്വേഷണമുണ്ടാവും. ഗുരുതര സാമ്പത്തിക ഇടപാട് വിവരത്തില്‍ ദേവസ്വം വിജിലന്‍സും പ്രാഥമിക പരിശോധന തുടങ്ങിയിട്ടുണ്ട്. 

ENGLISH SUMMARY:

An investigation into Sabarimala's milk cooperative Milma has revealed that over 1.5 lakh liters of fake ghee were supplied, with initial findings indicating direct connivance by Devaswom Board officials who were supposed to ensure quality. Despite securing the supply contract after years of effort, the first season saw over 90% counterfeit product smuggled up the hill at a price inflated by more than 40%. Dairy Development Department findings suggest a coordinated scam involving Milma's management, certain staff, and negligent or complicit temple board officials who bypassed mandatory Pamba quality checks. Consequently, Minister Bindu Krishna announced plans to write to the Devaswom Minister demanding a full inquiry, while Travancore Devaswom Board President K. Jayakumar confirmed that official complicity will be treated with utmost gravity. Furthermore, the Devaswom Vigilance team has initiated a preliminary inquiry into the severe financial irregularities, which may also impact Milma's future contract status.