Silverline-HD

സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിച്ചതോടെ അനാഥമായി മഞ്ഞക്കുറ്റികള്‍. കൊല്ലം ചാത്തന്നൂരില്‍ കൂട്ടിയിട്ടിരിക്കുന്ന ആയിരക്കണക്കിനു കുറ്റികള്‍ എന്ന്  മാറ്റുമെന്നറിയാതെ വസ്തു ഉടമസ്ഥനും. പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിച്ചെങ്കിലും കെ.റെയില്‍ കുറ്റികള്‍ സ്ഥാപിച്ചതുകാരണം ജീവിതം വഴിമുട്ടിയവര്‍ക്ക് ആരു നഷ്ടപരിഹാരം നല്‍കുമെന്നാണ് വസ്തു ഉടമകളുടെ ചോദ്യം.

മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ കെ.റെയില്‍ മഞ്ഞക്കുറ്റികള്‍ക്കായി പണം അനുവദിച്ചു. പിന്നാലെ സംസ്ഥാനത്തെമ്പാടും ലോഡ് കണക്കിനു മഞ്ഞക്കുറ്റികള്‍ എത്തി. ചാത്തന്നൂര്‍ സ്വദേശി രഘുവിന്‍റെ പറമ്പിലാണ് മഞ്ഞക്കുറ്റികള്‍ കൂട്ടിയിട്ടത്. കുടുംബത്തോടൊപ്പം സംസ്ഥാനത്തിനു പുറത്തായ ഇവരുടെ പറമ്പില്‍ നിന്നു ആര് ഈ മഞ്ഞക്കുറ്റികള്‍ മാറ്റുമെന്ന ചോദ്യത്തിനു കൊണ്ടിടാന്‍ മുന്‍കൈ എടുത്തവരടക്കം ആരും മറുപടി പറയുന്നില്ല. 

 

വലിയ പ്രതിഷേധമാണ് കെ.റയിലുമായി ബന്ധപ്പെട്ട് ചാത്തന്നൂരില്‍ നടന്നത്. മാതാപിതാക്കളെ സംസ്കരിച്ച സ്ഥലത്തു കുറ്റിയിടാന്‍ വന്ന അധികാരികളെ പ്രതിരോധിച്ച വീട്ടുകാര്‍ക്ക് പറയാനുള്ളത് ആരോഗ്യപ്രശ്നങ്ങളും ജീവിതപ്രശ്നങ്ങളുമാണ്. സില്‍വര്‍ ലൈന്‍ പോയെങ്കിലും സര്‍ക്കാര്‍ പ്രഖ്യാപിച്ച  പുതിയ അതിവേഗ റെയില്‍ പദ്ധതിയും ഇവരുടെ മനസില്‍ ഭീതിയാണ് നിറയ്ക്കുന്നത്. 

ENGLISH SUMMARY:

SilverLine project abandoned poles in Kollam Chathannoor are left unattended, leaving landowners in distress and questioning compensation. The K-Rail yellow poles, installed before the project's abandonment, have caused significant disruption to their lives, with no clear answers on their removal or who will provide compensation.