pinarayi-binoy-viswam-2

പ്രതിപക്ഷ ഉപനേതാവ് പദവി നല്‍കുന്ന കാര്യത്തില്‍ തീരുമാനമാകാത്തതില്‍ സിപിഐയ്ക്ക് കടുത്ത അതൃപ്തി. പദവി നൽകാൻ വൈകുന്നതിലും വിഷയം കഴിഞ്ഞ കാര്യമാണെന്ന പിണറായി വിജയന്റെ മറുപടിയിലും സിപിഐക്ക് കടുത്ത അതൃപ്തിയുണ്ട്. തങ്ങളെ അപമാനിച്ചു എന്ന വികാരത്തിലാണ് പാർട്ടി നേതൃത്വം. ഇതിനെതിരെ പിണറായിക്ക് പരസ്യമായി മറുപടി നൽകാൻ സിപിഐ നീക്കം ആരംഭിച്ചു. അതേസമയം, പിണറായി വിജയന് മറുപടിയുമായി സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി  പി.പി.സുനീര്‍ രംഗത്തെത്തി. വെറുതെ പറഞ്ഞോണ്ടിരിക്കുന്ന പാര്‍ട്ടിയല്ല സി.പി.ഐ. സിപിഐ പറഞ്ഞത് കേട്ടിരുന്നെങ്കില്‍ ഈ അവസ്ഥ ഉണ്ടാകില്ലായിരുന്നു.  പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ സി.പി.ഐ പിന്നോട്ടില്ലെന്നും പി.സുനീര്‍ പുറഞ്ഞു.

സിപിഎം ഏകപക്ഷീയമായി പ്രതിപക്ഷ ഉപനേതാവിനെ നിശ്ചയിച്ച രീതിയിലാണ് കാര്യങ്ങൾ നീങ്ങുന്നത്. ഇതിൽ പ്രതിഷേധിച്ചു പാർലമെന്ററി പാർട്ടി യോഗങ്ങളിലും സഖ്യ യോഗങ്ങളിലും സിപിഐ പങ്കെടുക്കുന്നില്ല. മുന്നണി കൺവീനർ ചികിത്സയിലായതിനാലാണ് എൽഡിഎഫ് യോഗം ചേരാതിരുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും പദവിയെ ചൊല്ലിയുള്ള തർക്കം പരിഹരിക്കാൻ സാധിക്കാത്തതും ഇതിന് കാരണമാണ്.

പ്രതിപക്ഷ ഉപ നേതൃസ്ഥാനം സംബന്ധിച്ച ആവശ്യം അംഗീകരിക്കാതെ എൽഡിഎഫ് നിയമസഭാ കക്ഷി  യോഗത്തിൽ തുടർന്നും സിപിഐ പങ്കെടുക്കില്ല. എടുത്ത തീരുമാനത്തിൽ ഉറച്ചു നിൽക്കാനാണ് പാർട്ടി തീരുമാനം. സിപിഐ ഉടക്കി നിൽക്കുന്നതിനാൽ പ്രതിപക്ഷത്തിന് ഇതുവരെ സംയുക്ത നിയമസഭാ കക്ഷി യോഗം വിളിച്ചു ചേർക്കാനായിട്ടില്ല. കെ.എൻ.ബാലഗോപാലിനെ ഉപനേതാവാക്കാനാണ് സിപിഎം തീരുമാനമെങ്കിലും സിപിഐയുടെ എതിർപ്പിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ പേര് സ്പീക്കർക്ക് ഇതുവരെ കൈമാറിയിട്ടില്ല. 

ഉപനേതാവ് എന്ന പദവി ഭരണഘടനയിലോ നിയമസഭാ ചട്ടങ്ങളിലോ ഇല്ലെങ്കിലും കേരള നിയമസഭയിൽ പ്രതിപക്ഷത്തെ രണ്ടാമനെ അങ്ങനെ വിശേഷിപ്പിക്കാറുണ്ട്. നിയമസഭയിൽ ഒരു മുറിയും ഉപ നേതാവിന് ലഭിക്കും. പദവിക്കു വേണ്ടിയല്ല തങ്ങളുടെ കടുംപിടിത്തമെന്നാണ് സിപിഐ നേതാക്കൾ വിശദീകരിക്കുന്നത്. എൽഡിഎഫ് എന്നാൽ സിപിഎം മാത്രം എന്ന പ്രതീതി ഉണ്ടായതിനോട്  ജനങ്ങൾക്ക് എതിർപ്പുണ്ടെന്നാണ് ജനവിധി വ്യക്തമാക്കിയതെന്നും അതുൾക്കൊണ്ട് മുന്നണിയുടെ കൂട്ടായ പ്രവർത്തനത്തിന് പ്രാധാന്യം നൽകുന്നതിലേക്കു സിപിഎം മാറണമെന്നുമാണ് സിപിഐ ചൂണ്ടിക്കാട്ടുന്നത്. ഉപ നേതൃസ്ഥാനം സിപിഐക്ക്  നൽകുന്നത് ആ മാറ്റത്തിന്റെ സന്ദേശമായി മാറുമെന്നാണ് പാർട്ടി കാഴ്ചപ്പാട്. സിപിഎം പക്ഷേ സിപിഐയുടെ നിരന്തര സമ്മർദം ഗൗനിക്കുന്നില്ല.  

ENGLISH SUMMARY:

The CPI has voiced strong dissatisfaction over the delay in appointing the Deputy Leader of the Opposition in Kerala and has criticised Chief Minister Pinarayi Vijayan's response as insulting. The dispute has disrupted LDF legislature meetings, with the CPI insisting the issue is about collective leadership within the alliance rather than a political post.