ആതുര സേവന രംഗത്ത് പുതിയ ചുവടുവെപ്പുമായി കോടിയേരി ബാലകൃഷ്ണൻ മെമോറിയൽ ആശ്രയ ചാരിറ്റബിൾ സൊസൈറ്റി. സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാക്കാനും പൊതുജനങ്ങൾക്ക് എളുപ്പത്തിൽ സേവനങ്ങൾ ലഭ്യമാക്കാനുമായി തയ്യാറാക്കിയ പുതിയ മൊബൈൽ ആപ്പ് മമ്മൂട്ടി കൊച്ചിയിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു.
അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ തുടക്കം കുറിച്ച പ്രസ്ഥാനമാണ് ആശ്രയ. അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിൽ പിറവിയെടുത്ത ഇന്ന് അദ്ദേഹത്തിന്റെ നാമദേയത്തിൽ അറിയപ്പെടുന്ന ആശ്രയയുടെ കാരുണ്യപ്രവർത്തനങ്ങളെ ഡിജിറ്റൽ യുഗത്തിനനുസൃതമായി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആപ്പ് സജ്ജീകരിച്ചിരിക്കുന്നത്. കേരള പ്രൊഫഷണൽ നെറ്റ്‌വർക്ക് (KPN) തലശ്ശേരി ചാപ്റ്ററാണ് ആപ്പിന്റെ സാങ്കേതിക സഹായം ഒരുക്കിയത്.
ചടങ്ങിൽ നിയമസഭാ സ്പീക്കറും ആശ്രയയുടെ വർക്കിങ്ങ് ചെയർമാനുമായ എ. എൻ. ഷംസീർ, ആശ്രയ സെക്രട്ടറി അച്ചൂട്ടി മാഷ്, ജോയിൻ സെക്രട്ടറി അർജുൻ എസ്. കെ ആശ്രയയുടെ ഡയറക്ടർമാരായ വിജയൻ വെളിയമ്പ്ര, ശ്രീകുമാർ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ആശ്രയയുടെ ചാരിറ്റി പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ തത്സമയം അറിഞ്ഞുകൊണ്ട് ആപ്പിലൂടെ പൊതുജനങ്ങൾക്ക് സൊസൈറ്റിയുടെ പ്രവർത്തനങ്ങളിൽ നേരിട്ട് പങ്കാളികളാകാനും സഹായങ്ങൾ എത്തിക്കാനും സാധിക്കും. വരും ദിവസങ്ങളിൽ പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലും ഈ സേവനം ലഭ്യമാകും.