തൃപ്പൂണിത്തുറയിൽ വീണ്ടും മല്‍സരിക്കാനില്ലെന്ന് കോൺഗ്രസ് നേതൃത്വത്തെ അറിയിച്ച് കെ.ബാബു. ആറു തവണയായി മുപ്പത് വർഷക്കാലം മണ്ഡലത്തെ പ്രതിനിധീകരിച്ച ബാബു അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് മാറിനിൽക്കുന്നത്. മണ്ഡലം നിലനിർത്താൻ കൊച്ചി കോർപറേഷൻ ഡെപ്യൂട്ടി മേയർ ദീപക് ജോയിയെ രംഗത്തിറക്കുന്നതും പരിഗണിക്കുന്നുണ്ട്. അതേസമയം, തദ്ദേശ സ്ഥാപനങ്ങളിൽ മേയർ, ഡെപ്യൂട്ടി മേയർ, മുൻസിപ്പൽ ചെയർമാൻ, പഞ്ചായത്ത് പ്രസിഡന്റ് പദവികൾ വഹിക്കുന്നവരെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുതെന്ന അഭിപ്രായം കോൺഗ്രസിൽ ഉയർന്നിട്ടുണ്ട്. ഇക്കാര്യത്തിൽ നേതൃത്വം അന്തിമ തീരുമാനമെടുക്കും. 

 

മുന്‍മേയര്‍ എം അനില്‍കുമാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകാനിടയുണ്ട്. ബിജെപി നഗരസഭാ ഭരണം പിടിച്ചതോടെ തൃപ്പൂണിത്തുറയില്‍ ഇത്തവണ നടക്കാനിരിക്കുന്നത് ഹൈവോള്‍ട്ടേജ് മല്‍സരമായിരിക്കും. തൃപ്പൂണിത്തുറ ഇത്തവണ വമ്പന്മാര്‍ കൊമ്പുകോര്‍ക്കുന്ന വിഐപി മണ്ഡലമാകാന്‍ സാധ്യതയേറെയാണ്. കോണ്‍ഗ്രസിന്‍റെ സിറ്റിങ് സീറ്റ്. എം സ്വരാജില്‍ നിന്ന് കെ ബാബു തൃപ്പൂണിത്തുറ തിരിച്ചു പിടിച്ചത് 992 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ്. 

 

നടന്‍ രമേശ് പിഷാരടിയുടെ പേര് 2021ല്‍ ആലോചനയിലുണ്ടായിരുന്നു. കോണ്‍ഗ്രസ് നേതാക്കളുമായി വ്യക്തിബന്ധമുള്ള പിഷാരടി പാര്‍ട്ടി വേദികളിലെ സാന്നിധ്യവുമായിരുന്നു. ബാബുവിന് പകരം ആര് ? എന്നതിന് ഇത്തവണയും രമേഷ് പിഷാരടിയുടെ പേരും പ്രാഥമിക ചര്‍ച്ചകളിലുണ്ട്. പിഷാരടി പക്ഷെ പാര്‍ട്ടി നേതാക്കള്‍ക്ക് പിടിനല്‍കിയിട്ടില്ല. രാജു പി നായര്‍, എം ലിജു എന്നിവരും പരിഗണനയിലുണ്ട്. മണ്ഡലത്തിലെ ഈഴവ പ്രാതിനിധ്യം സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നിര്‍ണായകഘടകമാകും. ഒപ്പം കെ ബാബു താല്‍പര്യവും. എം സ്വരാജ് തൃപ്പൂണിത്തുറയില്‍ വീണ്ടും മല്‍സരിക്കാനിടയില്ല.

 

കൊച്ചി മുന്‍മേയര്‍ എം അനില്‍കുമാറിന്‍റെ പേര് ഇടത് പാളയത്തില്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ചരിത്രത്തില്‍ ആദ്യമായി തൃപ്പൂണിത്തുറ നഗരസഭയുടെ ഭരണം ബിജെപി പിടിച്ചതും നിയമസഭാ പോരാട്ടത്തെ സ്വാധീക്കും. ബിജെപിക്ക് കേവലഭൂരിപക്ഷമില്ല. 53ല്‍ 21 സീറ്റ് ബിജെപി നേടി. എല്‍ഡിഎഫിന് 20 ഉം യുഡിഎഫിന് 12 ഉം സീറ്റുകള്‍. ബിജെപി ശക്തമായ പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ കെ വിഎസ് ഹരിദാസോ പി.ആര്‍ ശിവശങ്കരനോ സ്ഥാനാര്‍ഥിയായെത്തിയേക്കും.

ENGLISH SUMMARY:

K. Babu has informed the Congress leadership that he will not contest again in Thrippunithura. Babu, who represented the constituency for six terms over thirty years, is stepping aside citing health issues. To retain the constituency, the party is considering fielding Kochi Corporation Deputy Mayor Deepak Joy. Meanwhile, an opinion is gaining ground within the Congress that those holding positions such as Mayor, Deputy Mayor, Municipal Chairman, and Panchayat President should not contest in Assembly elections. A final decision will be taken by the leadership.