എംപിമാർ മൽസരിക്കേണ്ടെന്ന് ഹൈക്കമാൻഡ് തീരുമാനം. കെ.സുധാകരനെ അനുനയിപ്പിക്കാൻ രാഹുലും ഖർഗെയും സംസാരിക്കും. പ്രചാരണത്തിന് ഇറങ്ങില്ലെന്നും തീരുമാനത്തിന്റെ ഫലം വലുതായിരിക്കുമെന്നും രമേശ് ചെന്നിത്തലയ്ക്ക് സുധാകരൻ  മറുപടി നൽകി. സമ്മർദം ശക്തമാക്കി നാളെ വാർത്താ സമ്മേളനം വിളിച്ചിരിക്കുകയാണ് സുധാകരൻ. Also Read: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പുറത്ത്; ആദ്യ ലിസ്റ്റില്‍ 55പേര്‍; പാലക്കാട് രമേഷ് പിഷാരടി .

 

എംപിമാർ മത്സരിക്കേണ്ടെന്ന നേരത്തെ എടുത്ത തീരുമാനത്തിൽ ഉറച്ചുനിന്ന് ഹൈക്കമാൻഡ്. കെ.സുധാകരൻ അടക്കമുള്ള എംപിമാർ വലിയ സമ്മർദം ചെലുത്തിയെങ്കിലും തീരുമാനത്തിൽ മാറ്റം ഉണ്ടായില്ല. രാവിലെ ഡൽഹിയിലെത്തിയ കെ.സുധാകരനെ രമേശ് ചെന്നിത്തല വഴി തീരുമാനം അറിയിച്ചു. എന്നാൽ തീരുമാനത്തിൽ മാറ്റമില്ലെന്ന് ആയിരുന്നു സുധാകരന്റെ മറുപടി. ചർച്ച അനാവശ്യമായി നീട്ടി തന്നെ അപമാനിക്കുകയാണെന്നും സ്ഥാനാർഥി നിർണയ ചർച്ചകളുടെ ഭാഗമാക്കുന്നില്ലെന്നും സുധാകരൻ അറിയിച്ചു. പ്രചാരണത്തിനിറങ്ങില്ലെന്നും സുധാകരൻ തീരുമാനമെടുത്തത് പാർട്ടിയെ പരുങ്ങലിൽ ആക്കിയിരിക്കുകയാണ്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പേരാവൂരിലും ഇതിന്റെ പ്രതിഫലനം ഉണ്ടായേക്കാം. 

മല്‍സരിക്കാൻ താല്‍പര്യം അറിയിച്ചിരുന്ന എം.കെ.രാഘവൻ എംപിയും സുധാകരനെ കാണാൻ ഫ്ലാറ്റിലെത്തി. ജോസ് വള്ളൂരും മാധ്യമങ്ങൾക്ക് മുഖം തരാതെ കോൺഗ്രസ്‌ വക്താവ് ഷമാ മുഹമ്മദും കെ.സുധാകരനെ കാണാനെത്തി. സുധാകരനെ അനുനയിപ്പിക്കാൻ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും സംസാരിക്കും. പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന നീക്കങ്ങളിലേക്ക് സുധാകരനെപോലെ ഒരു മുതിർന്ന നേതാവ് പോകില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.  

അതേസമയം, കെപിസിസി പ്രസിഡന്റിന്റെ മണ്ഡലമായ പേരാവൂരിൽ കെ സുധാകരനായി ഫ്ലക്സ് ബോർഡുകൾ. കൊട്ടിയൂർ മേഖലയിലാണ് വിവിധയിടങ്ങളിൽ സുധാകരന് അഭിവാദ്യങ്ങൾ അർപ്പിച്ച് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി നേരിടേണ്ടി വരുമെന്നും,  നന്ദി ഇല്ലെങ്കിലും നന്ദികേട് ആവരുതെന്നും ഫ്ലക്സ് ബോർഡിൽ പറയുന്നു. എന്നാൽ, ബോർഡ് വെച്ചതിനു പിന്നിൽ കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ടവരാണ് എന്നാണ് വിവരം. അതേസമയം കെ സുധാകരന് സീറ്റില്ലെങ്കിൽ സണ്ണി ജോസഫിന് വോട്ടില്ല എന്ന നിലപാടുമായി പേരാവൂരിലെ കോൺഗ്രസ് വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രവർത്തകർ രംഗത്തുവന്നു. കെ സുധാകരന് സീറ്റ് കൊടുത്തില്ലെങ്കിൽ സണ്ണി ജോസഫിന് വേണ്ടി പ്രവർത്തനത്തിന് ഇറങ്ങരുതെന്നും സണ്ണി ജോസഫിനെ കൊണ്ടുവന്നത് സുധാകരൻ ആണ് എന്നത് ഓർമ്മവേണമെന്നും ഗ്രൂപ്പുകളിൽ സന്ദേശങ്ങൾ   പ്രചരിക്കുന്നുണ്ട്.

ENGLISH SUMMARY:

Congress leader K. Sudhakaran has intensified pressure on the party leadership after the high command decided that sitting MPs should not contest in the upcoming elections. Sudhakaran warned that the consequences of the decision could be significant and announced a press conference to express his stand. Rahul Gandhi and Congress president Mallikarjun Kharge are expected to speak with Sudhakaran to resolve the issue as tensions rise within the party leadership over candidate selection and campaign participation.