യുഎഇ ലക്ഷ്യമിട്ടുണ്ടായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട്, സമൂഹമാധ്യമങ്ങളിലൂടെ വ്യാജ വാർത്തകളും ദൃശ്യങ്ങളും പ്രചരിപ്പിച്ച ഇന്ത്യക്കാരടക്കം 35 പേരെ യു എ ഇ പ്രോസിക്യൂഷൻ അറസ്റ്റ് ചെയ്തു. രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങളെ ബാധിക്കുന്ന രീതിയിൽ ദൃശ്യങ്ങൾ പകർത്തിയതിനും എഐ ഉപയോഗിച്ച് വ്യാജ വീഡിയോകൾ നിർമിച്ചതിനുമാണ് മലയാളികൾ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടിയെടുത്തത്. യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ് സൈഫ് അൽ ഷംസി ഉത്തരവിട്ടതനുസരിച്ചാണ് അറസ്റ്റ്.
വ്യോമപ്രതിരോധ സംവിധാനം മിസൈലുകളെ തകർക്കുന്ന യഥാർഥ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും അവയ്‌ക്കൊപ്പം ഭീതിജനകമായ ശബ്ദസന്ദേശങ്ങൾ ചേർത്ത് പ്രചരിപ്പിക്കുകയും ചെയ്തതാണ് പിടിയിലായവർക്കെതിരെയുള്ള പ്രധാന കുറ്റം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് സ്ഫോടനങ്ങളുടെ വ്യാജ വീഡിയോകൾ നിർമിച്ച അഞ്ച് ഇന്ത്യക്കാരും ഇതിൽ ഉൾപ്പെടുന്നു. ആക്രമണം നടത്തുന്ന രാജ്യത്തെയും അവിടുത്തെ ഭരണാധികാരികളെയും പുകഴ്ത്തി സന്ദേശങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെയും രാജ്യസുരക്ഷാ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. ഇത്തരം ദൃശ്യങ്ങൾ പങ്കുവെക്കുന്നത് ശത്രുരാജ്യങ്ങൾക്ക് പ്രതിരോധ രഹസ്യങ്ങൾ ചോരാൻ ഇടയാക്കുമെന്ന് അറ്റോർണി ജനറൽ ഡോ. ഹമദ് സൈഫ് അൽ ഷംസി മുന്നറിയിപ്പ് നൽകി. അബുദാബിയിൽ സമാന കുറ്റത്തിന് 45 പേരെ കൂടി പൊലീസ് പിടികൂടിയതോടെ ഗൾഫ് മേഖലയിൽ സൈബർ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.
പിടിയിലായവർക്കെതിരെ അതിവേഗ വിചാരണ ആരംഭിച്ചതായും കുറഞ്ഞത് ഒരു വർഷം തടവും ഒരു ലക്ഷം ദിർഹം പിഴയും ലഭിക്കാവുന്ന കുറ്റമാണിതെന്നും അധികൃതർ വ്യക്തമാക്കി. രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കുന്ന നീക്കങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് യുഎഇ പ്രോസിക്യൂഷൻ ആവർത്തിച്ചു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും പരിഭ്രാന്തി പരത്തുന്ന സന്ദേശങ്ങൾ കൈമാറരുതെന്നും താമസക്കാർക്ക് നിർദ്ദേശമുണ്ട്. സൈബർ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പരിശോധന തുടരുകയാണ്. ഇത്തരക്കാർക്കെതിരെ കർശനമായ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് അബുദാബി പൊലീസിന്റെ തീരുമാനം.