കാറിന്‍റെ നമ്പര്‍ പ്ലേറ്റ് മാറ്റി, രഹസ്യ അറയില്‍ ഒളിപ്പിച്ച് ലഹരിമരുന്ന് കടത്തിയ കേസില്‍ കുപ്രസിദ്ധ ലഹരിമരുന്ന് മാഫിയ തലവൻ ജോർജ് കുട്ടിക്ക് 26 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. എന്‍ഡിപിഎസ് സ്പെഷല്‍ കോടതി അനിൽകുമാർ ആണ് ശിക്ഷ വിധിച്ചത്. 2019ലാണ് കേസിന് ആസ്പദമായ സംഭവം. കോവളം– കഴക്കൂട്ടം ബൈപ്പാസില്‍ വാഴമുട്ടം ഭാഗത്ത് വച്ച് KL 07 BL 7292 നമ്പർ പുന്തോ കാറിന്റെ രഹസ്യ അറയ്ക്കുള്ളിൽ 20.064 കിലോഗ്രാം ഹാഷിഷ് ഓയിലും, 2.500 കിലോഗ്രാം കഞ്ചാവും, 220 ഗ്രാം ചരസും ഒളിപ്പിച്ചു കടത്തിയ ജി.കെ എന്നറിയപ്പെടുന്ന ജോർജ് കുട്ടിയെ സ്റ്റേറ്റ് സ്‌ക്വാഡ് തലവൻ അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ ആയിരുന്ന ടി.അനികുമാറിന്റെ നേതൃത്വത്തിലുള്ള സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡാണ് അറസ്റ്റ് ചെയ്തത്. കേരളത്തിനകത്തും പുറത്തും നിരവധി മയക്കുമരുന്ന് ക്രിമിനൽ കേസുകളിൽ പ്രതിയായ ജോര്‍ജുകുട്ടി. കേരളത്തിലെ വിവിധ സ്ഥലങ്ങളിലുള്ള ഇടനിലക്കാരായ കച്ചവടക്കാർക്ക് എത്തിക്കുന്നതിന് വേണ്ടി കൊണ്ടുവന്ന മയക്കുമരുന്നാണ് പിടികൂടിയത്. വിദേശത്തേക്ക് കടത്തുമ്പോൾ ഏകദേശം 20 കോടിയോളം രൂപ വില വരുന്ന ലഹരിമരുന്നാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്.
കോട്ടയം നീണ്ടൂർ സ്വദേശിയായ ജോർജ് കുട്ടി ഏറ്റുമാനൂർ കേന്ദ്രീകരിച്ചുള്ള കുപ്രസിദ്ധ ലഹരിമരുന്ന് സംഘത്തിന്റെ തലവനാണ്. ഏറ്റുമാനൂർ, കോട്ടയം എറണാകുളം ഭാഗങ്ങളിലെ പോലീസ് സ്റ്റേഷനുകളിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ടും പോലീസിനെ ആക്രമിച്ചതടക്കം നിരവധി കേസുകൾ ഉണ്ടായതിനെ തുടർന്ന് താവളം ബെംഗളൂരുവിലേക്ക് മാറ്റി. അവിടെ പഠനത്തിനായെത്തിയ മലയാളികളടക്കം നിരവധി വിദ്യാർഥികളെ ഈ ലഹരിക്കച്ചവടത്തില്‍ കണ്ണികളാക്കി മാറ്റി. ശത്രുക്കളെ വകവരുത്തുന്നതിനായി ഗാസിയാബാദിൽ നിന്നും ഒരു പിസ്റ്റളും ജോർജുകുട്ടി സ്വന്തമാക്കിയിരുന്നു.
മയക്കുമരുന്ന് കച്ചവടത്തിനായി എറണാകുളത്ത് നിന്നും ഒരു പുന്തോ കാർ വാങ്ങിയ ജോർജുകുട്ടി ടോട്ടൽ ഡാമേജ് ആയി സ്ക്രാപ്പിന് വിറ്റ മറ്റൊരു പുന്തോ കാറിന്‍റ ആര്‍സി ബുക്കും നമ്പർ പ്ലേറ്റും സംഘടിപ്പിച്ച് , പുതിയതായി വാങ്ങിയ കാറിൽ ഫിറ്റ് ചെയ്തു. ഈ കാർ തേനിയിൽ കൊണ്ടുപോയി കാറിനടിയിൽ ഒരു രഹസ്യ അറ നിർമിച്ചു. ഇങ്ങനെ നിർബാധം വൻ തോതിൽ മയക്കുമരുന്ന് കടത്തുന്നതിനിടെ എക്‌സൈസ് സംഘത്തിന്റെ നിരന്തരനിരീക്ഷണത്തിനൊടുവിൽ ജോർജുകുട്ടി പിടിയിലാകുകയായിരുന്നു.
തുടർന്ന് തെളിവെടുപ്പിന് അന്വേഷണ സംഘം ബെംഗളൂരുവില്‍ എത്തിച്ചതോടെ പ്രതി രക്ഷപെട്ടു. ഇരുപത്തിയാറാം ദിവസം മലപ്പുറം വണ്ടൂരിലെ ഭാര്യാവീട്ടിൽ നിന്ന് പിടികൂടുന്നതിനിടെ ഉദ്യോഗസ്ഥരെ വെടിവച്ചു രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. അവിടെ വച്ച് ജോര്‍ജുകുട്ടിയില്‍ നിന്ന് കണ്ടെടുത്ത ഒരുകിലോ ഹാഷിഷ് കേസിൽ മഞ്ചേരി കോടതി 10 വർഷം കഠിന തടവും ഒരു ലക്ഷം പിഴയും ശിക്ഷിച്ചിരുന്നു. കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ട കേസിൽ ബാംഗ്ലൂർ കോടതി 6 മാസം തടവും 25000 പിഴയും ശിക്ഷിച്ചു.
അസിസ്റ്റന്റ് കമ്മിഷണര്‍ എ.ആര്‍. സുൽഫിക്കർ പ്രാഥമിക അന്വേഷണം നടത്തിയ കേസിൽ അസിസ്റ്റന്റ് കമ്മിഷണര്‍ എ.എസ്.ബിനു അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി എന്‍ഡിപിഎസ് സ്പെഷല്‍ പ്രോസിക്യൂട്ടർ മനീഷ് ഹാജരായി. മയക്കുമരുന്ന് കോമേഴ്‌ഷ്യൽ അളവിലുള്ള കേസിൽ നൽകാവുന്ന പരമാവധി ശിക്ഷയായ 20 വർഷം പ്രതിക്ക് ലഭിച്ച അപൂർവം കേസുകളിൽ ഒന്നാണിത്.