കുതിച്ചുകയറ്റത്തിന് പിന്നാലെ സ്വര്‍ണവിലയില്‍ ഇന്ന് ആശ്വാസം. കഴിഞ്ഞ ദിവസത്തെ ട്രെന്‍ഡ് പിടിച്ച് 6320 രൂപയാണ് പവന് കുറഞ്ഞത്. ഗ്രാമിന് 790 രൂപയും കുറഞ്ഞു. 1,17,760 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. ഗ്രാമിന് 14,720 രൂപയും. ഇന്നലെ പവന് 1,24,080 ആയിരുന്നു വില. ജനുവരി 23ന് ശേഷം ഇന്നലെയും ഇന്നും മാത്രമാണ് സ്വര്‍ണവിലയില്‍ ഇടിവ് സംഭവിച്ചത്. രാജ്യാന്തര വിപണിയിലെ വില്‍പ്പന സമ്മര്‍ദമാണ് ഇടിവിന് കാരണമെന്നാണ് കരുതുന്നത്.
അതേസമയം, വെള്ളി വിലയില്‍ ഇടിവ് സര്‍വകാല റെക്കോര്‍ഡിലാണ്. ഒറ്റ ദിവസം കൊണ്ട് അര ലക്ഷത്തിലേറെ രൂപയാണ് ഒരു കിലോ വെള്ളിക്ക് ഇടിഞ്ഞത്. വെള്ളി ഗ്രാമിന് 350 രൂപയും കിലോയ്ക്ക് മൂന്നര ലക്ഷം രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ കിലോയ്ക്ക് നാലു ലക്ഷത്തിന് മുകളിലായിരുന്നു വില. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുറഞ്ഞത് തന്നെയാണ് വെള്ളി വിലയെയും സ്വാധീനിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. ഈ ആഴ്ചയില്‍ ആദ്യം സ്വര്‍ണവില ഔണ്‍സിന് 5600 ഡോളറായിരുന്നു. വെള്ളിയാഴ്ചയായതോടെ ഇത് 4.7 ശതമാനം ഇടിഞ്ഞ് 5143.40 ഡോളറായി.
യുക്രെയ്ന്‍–റഷ്യ യുദ്ധം സമാധാനപരമായി അവസാനിക്കാനുള്ള സാധ്യതകളും അമേരിക്കന്‍ വിപണിയിലെ വിലക്കയറ്റം പിടിച്ച് നിര്‍ത്താനുള്ള നടപടികളും അടിയന്തരമായി സ്വീകരിക്കപ്പെടുന്നതോടെ സ്വര്‍ണം, വെള്ളി വിലകള്‍ ഇനിയും കുറഞ്ഞേക്കാമെന്നും വിലയിരുത്തലുണ്ട്. അതേസമയം യുഎസ്–ഇറാന്‍ സംഘര്‍ഷ സാധ്യത സ്വര്‍ണവില കുത്തനെ ഉയര്‍ത്തിയേക്കാമെന്ന് കണക്കാക്കുന്നവരും കുറവല്ല.