ബജറ്റില്‍ പ്രഖ്യാപിച്ച വിദ്യാര്‍ഥികള്‍ക്കായി നടപ്പിലാക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതി, പ്രീമിയം തുക പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കും. ഭക്ഷ്യവിഷബാധ മുതല്‍ അപകടത്തില്‍പെട്ടുളള മരണം വരെ സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതിയുടെ പരിധിയില്‍ വരും. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ചികില്‍സ മുടങ്ങുന്ന അവസ്ഥ ഒരു വിദ്യാര്‍ഥിക്കും ഉണ്ടാകരുതെന്നാണ് സര്‍ക്കാര്‍ നയമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
പൊതുവിദ്യാഭ്യാസ മേഖലയില്‍ ഒന്നു മുതല്‍ പന്ത്രണ്ട് വരെ പഠിക്കുന്ന 43 ലക്ഷത്തോളം കുട്ടികള്‍ക്ക് പ്രയോജനം ലഭിക്കുന്നതാണ് ഇന്‍ഷുറന്‍സ് പദ്ധതി. വിദ്യാര്‍ഥി മരണപ്പെട്ടാൽ കുടുംബത്തിന് 3 ലക്ഷം രൂപ ഒറ്റത്തവണ നൽകും.പൂർണ്ണമായ വൈകല്യം സംഭവിച്ചാലും 3 ലക്ഷം രൂപ വരെ നഷ്ടപരിഹാരം ലഭിക്കുന്നതാണ് പദ്ധതി. അപകടത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ 75,000 രൂപ വരെ ചികിത്സാ ചെലവ് ലഭിക്കും.
അസ്ഥികള്‍ക്ക് പൊട്ടലോ , വൈദ്യുതാഘാതമോ പൊള്ളലോ മറ്റോ സംഭവിച്ച് ഒ.പിയില്‍ ചികില്‍സ തേടിയാലും 5000 രൂപവരെ കിട്ടും. മൃഗങ്ങളുടെ കടിയേറ്റുളള പരുക്കുകള്‍ , പാമ്പുകടി , ഭക്ഷ്യവിഷബാധ തുടങ്ങിയവ സംഭവിച്ചാലും 5,000 രൂപ വരെ ഒ.പി ചികിത്സാ സഹായം ഉറപ്പ്. പ്രീമിയം തുക വിദ്യാര്‍ഥികളില്‍ നിന്ന് പിരിക്കില്ല. സംസ്ഥാന ഇൻഷുറൻസ് വകുപ്പും യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.