കേരളത്തിന്റെ അതിവേഗ റെയിൽപാത എന്ന സ്വപ്ന പദ്ധതിയായ റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റത്തിന് സംസ്ഥാന ബജറ്റില്‍ 100 കോടി രൂപ അനുവദിച്ചു. തിരുവനന്തപുരം മുതൽ കാസർകോട് വരെ 583 കിലോമീറ്റർ നീളത്തിൽ 'റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം നടപ്പിലാക്കാൻ മന്ത്രിസഭാ യോഗം ഇന്നലെ അനുമതി നല്‍കിയിരുന്നു. ഡല്‍ഹി– മീററ്റ് ആര്‍ആര്‍ടിഎസ് കോറിഡോര്‍ മാതൃകയിലാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു.
പദ്ധതിക്ക് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം പിന്തുണ അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതൽ തൃശൂർ വരെ ഒന്നാം ഘട്ടം നടപ്പിലാക്കും. തൃശൂർ– കോഴിക്കോട് രണ്ടാംഘട്ടവും കോഴിക്കോട്– കണ്ണൂർ മൂന്നാം ഘട്ടവും കണ്ണൂർ– കാസർകോട് പാതയില്‍ നാലാം ഘട്ടവും നടപ്പിലാക്കും.
ഉയർന്ന തൂണുകളിൽ കൂടി പോകുന്ന ആര്‍ആര്‍ടിഎസിന് മെട്രോ പദ്ധതികളുമായി സംയോജിപ്പിക്കാൻ കഴിയുമെന്നും ധനമന്ത്രി വ്യക്തമാക്കി. പ്രാരംഭ പ്രവർത്തനങ്ങൾക്കായാണ് നൂറ് കോടി രൂപ അനുവദിച്ചിട്ടുള്ളത്.