ബജറ്റിൽ പ്രഖ്യാപിച്ച റെയിൽവേയുടെ 7 ഹൈ സ്പീഡ് കോറിഡോർ പദ്ധതികൾക്ക് കേന്ദ്ര ധനമന്ത്രി ഒരു രൂപ പോലും നീക്കിവച്ചിട്ടില്ലെന്ന് മുൻ കേന്ദ്രധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ്. കേരളം പോലെ ഇതിലുൾപ്പെടാത്ത സംസ്ഥാനങ്ങൾക്ക് ഇക്കാര്യത്തിൽ നിരാശ വേണ്ടെന്നും അദ്ദേഹം പറഞ്ഞു. മലയാള മനോരമയുടെ ഇരുപത്തിയേഴാമത് ബജറ്റ് പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

വലിയ പദ്ധതി പ്രഖ്യാപനങ്ങളുടെ പൊള്ളത്തരങ്ങൾ പ്രഭാഷകൻ, പ്രഭാഷണത്തില്‍ തുറന്നുകാട്ടി. യൂണിവേഴ്സിറ്റി ടൗൺഷിപ്പ് പോലുള്ള വലിയ പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലുംഅതിനും തുകയൊന്നും അനുവദിച്ചിട്ടില്ലെന്ന് സുഭാഷ് ചന്ദ്ര ഗാർഗ്. കേവലം റിയൽ എസ്റ്റേറ്റ് പദ്ധതികൾക്കപ്പുറത്തേക്കാണ് യൂണിവേഴ്സിറ്റികൾ വളരേണ്ടത്. ലോകത്തെ 500 മികച്ച യൂണിവേഴ്സിറ്റികളിൽ എത്ര ഇന്ത്യൻ യൂണിവേഴ്സിറ്റികളുണ്ടെന്നും ഗാർഗ് ചോദിച്ചു.

മുംബൈ–അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് 2 ലക്ഷം കോടിയാണ് ചെലവിടുന്നത്. 2019 ൽ ഇന്ത്യയിൽ ട്രെയിനിൽ യാത്ര ചെയ്തവരേക്കാൾ കുറഞ്ഞ എണ്ണം യാത്രക്കാരാണ് കഴിഞ്ഞവർഷമുണ്ടായിരുന്നതെന്നും കണക്കുകൾ നിരത്തി ഗാർഗ് ചൂണ്ടിക്കാട്ടി. സർക്കാരിന്‍റെ ചെലവുകൾ കാലത്തിനനുസരിച്ച് പുനക്രമീകരിക്കണം. സെമികണ്ടക്ടർ, സൗരോർജം, ഡ്രോൺ കേന്ദ്രീകൃതമായ യുദ്ധസംവിധാനങ്ങൾ തുടങ്ങിയ പുതിയ കാലത്തിന്‍റെ വെല്ലുവിളികളും വളർച്ചയും മുന്നിൽക്കണ്ടുള്ള നീക്കിയിരുപ്പുകളാകണം ബജറ്റിൽ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഭാവിയുദ്ധങ്ങൾ വിജയിക്കുന്നത് മനുഷ്യനല്ല പുതിയ സാങ്കേതിക വിദ്യയും ആയുധങ്ങളുമാണെന്നും പ്രതിരോധ ബജറ്റ് പരാമർശിച്ച് ഗാർഗ് പറഞ്ഞു. മലയാള മനോരമ ഫിനാൻസ് വൈസ് പ്രസിഡന്‍റ്  സിജി ജോസഫ് സ്വാഗതവും ദ് വീക്ക് ന്യൂസ് എഡിറ്റർ മാത്യു. ടി. ജോർജ് നന്ദിയും പറഞ്ഞു. മലയാള മനോരമയുടെ ഉപഹാരം എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം സമ്മാനിച്ചു.

ENGLISH SUMMARY:

Malayala Manorama Online News features insights from former Finance Secretary Subhash Chandra Garg's budget discourse. He highlighted the lack of allocation for the announced 7 high-speed rail corridors and questioned the practicality of large project announcements without corresponding funds.