രണ്ടാം പിണറായി സര്‍ക്കാരിന്‍റെ അവസാന ബജറ്റ് ഇന്ന്. രാവിലെ 9ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ തന്‍റെ ആറാം ബജറ്റ് അവതരിപ്പിക്കുമ്പോള്‍ വോട്ട് ലക്ഷ്യമിട്ട് എന്തൊക്കെ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന് അറിയാനുള്ള ആകാംക്ഷയിലായിരിക്കും കേരളം. ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുമോ? റബറിന്‍റെ താങ്ങുവില ഉയര്‍ത്തുമോ? സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതിയ പെന്‍ഷന്‍ പദ്ധതിയില്‍ എന്ത് നടപടിയുണ്ടാകും ? ശമ്പള പരിഷ്കരണം പ്രഖ്യാപിക്കുമോ? സ്ത്രീസുരക്ഷയ്ക്ക് പുതിയ പദ്ധതികളുണ്ടാകുമോ ? അങ്ങനെ കേരളം പ്രതീക്ഷിക്കുന്ന അനവധി കാര്യങ്ങള്‍ക്ക് ബജറ്റില്‍ ഉത്തരമുണ്ടാകുമെന്നാണ് കരുതുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പുള്ള അവസാന ബജറ്റ് അവതരിപ്പിക്കുന്നതിന് തലേ രാത്രി വമ്പന്‍ പ്രഖ്യാപനങ്ങളാണ് സര്‍ക്കാര്‍ നടത്തിയത്. കന്യാസ്ത്രീകള്‍ക്ക് പെന്‍ഷന്‍ പ്രഖ്യാപിച്ചതാണ് ഇതില്‍ ശ്രദ്ധേയം. കന്യാസ്ത്രീകള്‍ക്ക് മാത്രമല്ല സംസ്ഥാനത്തെ മതസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മഠങ്ങള്‍ കോണ്‍വെന്‍റുകള്‍, ആശ്രമങ്ങള്‍, മന്ദിരങ്ങള്‍ എന്നിവിടങ്ങളിലുള്ളര്‍ക്ക് പെന്‍ഷന്‍ ലഭിക്കും. സ്ത്രീകൾക്ക് സർക്കാരിന്‍റെ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യങ്ങൾ ഇവര്‍ക്ക് ലഭ്യമാക്കുന്നതിനുള്ള തടസങ്ങൾ നീക്കാനുള്ള പ്രത്യേക പദ്ധതിക്കും സർക്കാർ അംഗീകാരം നൽകി. നിലവിലെ സമൂഹ്യപെന്‍ഷനായ രണ്ടായിരം രൂപയാണ് ലഭിക്കുക. വയനാട് ദുരിതബാധിതരുടെ വായ്പാബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നുള്ള പ്രഖ്യാപനവും ബജറ്റിന് തലേദിവസം സര്‍ക്കാരിന്‍റെ നിന്നുണ്ടായി. ബജറ്റില്‍ പ്രഖ്യാപിച്ചാല്‍ വെറും പ്രഖ്യാപനമെന്ന് മാത്രമുള്ള ആക്ഷേപം ഒഴിവാക്കാനും ബജറ്റിന്‍റെ പ്രഖ്യാപനങ്ങളില്‍ മുങ്ങിപോകാതിരിക്കാനുമാണ് തലേദിവസം തന്നെയുള്ള പ്രഖ്യാപനമെന്നാണ് വിലയിരുത്തല്‍.