Image Credit: x/informant
കൊളംബിയ-വെനസ്വേല അതിര്‍ത്തിയില്‍ ചെറുവിമാനം തകര്‍ന്ന് 15 പേര്‍ കൊല്ലപ്പെട്ടു. ടേക്ക് ഓഫിന് തൊട്ടുപിന്നാലെ എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടപ്പെട്ട് വിമാനം തകര്‍ന്ന് വീഴുകയായിരുന്നു. 13 യാത്രക്കാരും രണ്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. കൊളംബിയന്‍ പാര്‍ലമെന്‍റ് അംഗമായ ഡയോജീന്‍സ് ക്വിന്‍റെറോയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. കൊളംബിയയിലെ ചേംബര്‍ ഓഫ് ഡപ്യൂട്ടീസ് അംഗമാണ് ക്വിന്‍റെറോ.
കൊളംബിയയുടെ ഔദ്യോഗിക വിമാനക്കമ്പനിയായ സറ്റേനയുടേതാണ് തകര്‍ന്ന വിമാനം. ബീച്ച്ക്രാഫ്റ്റ് 1900 ട്വിന്‍ പ്രൊപ്പല്ലര്‍ വിഭാഗത്തില്‍പ്പെടുന്നതാണിത്. അപകടമുണ്ടായ ക്യുകറ്റ പര്‍വത പ്രദേശമാണെന്നും ദുര്‍ഘട കാലാവസ്ഥയും നാഷനല്‍ ലിബറേഷന്‍ ആര്‍മിയുടെ സ്വാധീനത്തിലുള്ള സ്ഥലമാണെന്നുമാണ് റിപ്പോര്‍ട്ട്. തകര്‍ന്ന വിമാനവും കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളും വീണ്ടെടുക്കാന്‍ വ്യോമസേന തിരച്ചില്‍ നടത്തുകയാണ്. അപകടത്തെ കുറിച്ച് വിശദമായി അന്വേഷിക്കുകയാണെന്നും സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു.
ക്യുകറ്റയിലെ കമിലിയോ ഡാസ വിമാനത്താവളത്തില്‍ നിന്ന് രാവിലെ 11.42 ഓടെ പറന്നുയര്‍ന്ന വിമാനം പര്‍വത നഗരമായ ഒകാനയിലേക്കുള്ള യാത്രയിലായിരുന്നു. 11.54 ഓടെയാണ് വിമാനത്തിന് നിയന്ത്രണം നഷ്ടമായത്. 12.05 ഓടെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരണ്ട വിമാനം ടേക്ക് ഓഫിന് മിനിറ്റുകള്‍ക്കിപ്പുറം തകരുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുവെന്നും ഉറ്റവരെ നഷ്ടമായ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും വേദനയില്‍ പങ്കുചേരുന്നുവെന്നും സറ്റേന അറിയിച്ചു.