തൃശൂര്‍ പൊറത്തിശേരിയില്‍ ഇടഞ്ഞ കൊമ്പന്‍ പിങ്ക് പൊലീസിന്‍റെ കാര്‍ കുത്തിമറിച്ചിട്ടു. എലിഫന്‍റ് സ്ക്വാഡ് അംഗങ്ങളും പാപ്പാന്‍മാരും ചേര്‍ന്ന് ആനയെ പെട്ടെന്നു തളച്ചു.
പൊറത്തിശേരിയില്‍ കല്ലട വേലാഘോഷമായിരുന്നു. ദേശക്കാരുടെ എഴുന്നള്ളിപ്പിന് ആനകളെ എഴുന്നള്ളിക്കാറുണ്ട്. അങ്ങനെ, എഴുന്നള്ളിപ്പ് കഴിഞ്ഞ് നില്‍ക്കുകയായിരുന്ന കൊമ്പന്‍ ആയയില്‍ ഗൗരി നന്ദന്‍ ഇടഞ്ഞോടി. കലിപൂണ്ട കൊമ്പന്‍ നേരെ പാഞ്ഞടുത്തത് പൊറത്തിശേരി കണ്ടാരംത്തറ മൈതാനത്ത് നിര്‍ത്തിയിട്ട പിങ്ക് പൊലീസിന്‍റെ കാറിനു സമീപത്തേയ്ക്കായിരുന്നു. കാറിന്‍റെ പുറകുവശം കൊമ്പ് കൊണ്ട് കുത്തിമറിച്ചു. എന്നിട്ടും ആനയുടെ അരിശം തീര്‍ന്നില്ല. മൈതാനത്ത് തലങ്ങും വിലങ്ങും ഓടി. കാറിന്‍റെ പുറകുവശം തകര്‍ന്നു. പൊലീസ് വണ്ടിയുടെ തൊട്ടടുത്ത് ഓട്ടോറിക്ഷ നിര്‍ത്തിയിട്ടിരുന്നു. ഈ ഓട്ടോയില്‍ ആന തൊട്ടില്ല. പൊലീസ് കാറിനോടായിരുന്നു അരിശം.
വിവരമറിഞ്ഞ് വന്ന എലിഫന്‍റ് സ്ക്വാഡ് അംഗങ്ങള്‍ ആനയെ തളച്ചു. പാപ്പാന്‍മാരും സഹായത്തിനുണ്ടായിരുന്നു. ആനയെ പിന്നീട്, എഴുന്നള്ളിക്കാതെ മടക്കി. മൈതാനത്തുണ്ടായിരുന്ന ആളുകള്‍ ആനയുടെ വരവ് കണ്ട് ഓടിമാറി. പൊലീസ് ഉദ്യോഗസ്ഥരും കാറില്‍ നിന്നിറങ്ങിയോടി. കലിപൂണ്ട ആനയെ വേഗം തളയ്ക്കാന്‍ കഴിഞ്ഞതിനാല്‍ ആളപായം ഒഴിവായി.