നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാനില്ലെന്ന് മുൻ ഇന്ത്യൻ ഫുട്ബോൾ നായകൻ ഐ.എം. വിജയൻ. സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിനെക്കുറിച്ച് വിവിധ കോണുകളിൽ നിന്ന് ചർച്ചകൾ ഉയരുന്നതിനിടെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. എന്നാൽ, രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടാൽ ആ പദവി ഏറ്റെടുക്കാൻ തനിക്ക് താല്പര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തന്നെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ പ്രത്യേക ദൂതൻ നേരിട്ട് വന്ന് സംസാരിച്ചതായി ഐ.എം. വിജയൻ വെളിപ്പെടുത്തി. കൂടാതെ, നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയും തന്നെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. മൂന്ന് പ്രധാന മുന്നണികളുമായും അടുത്ത ബന്ധമുണ്ട്. അതിനാല്‍ ഒരു പ്രത്യേക പാർട്ടിയുടെ മാത്രം ഭാഗമായി നിൽക്കാൻ തനിക്ക് പരിമിതികളുണ്ടെന്ന് ഐ.എം വിജയന്‍ പറഞ്ഞു.