ഇറാന്‍ തുറമുഖത്തേക്ക് നീങ്ങിയ എണ്ണക്കപ്പലിനുനേരെ വ്യോമാക്രമണം നടത്തി അമേരിക്ക. ഹോര്‍മുസില്‍ ഇറാന്‍ കപ്പലുകള്‍ക്ക് ഉപരോധമെന്നും വെടിയുതിര്‍ത്തത് മുന്നറിയിപ്പ് അവഗണിച്ചപ്പോഴെന്നുമാണ് യു.എസ് പറയുന്നത്. ഇറാനിലെ തീരദേശ പ്രതിരോധ സംവിധാനങ്ങൾ, മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾ, മറ്റ് സൈനിക സംവിധാനങ്ങള്‍ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. നേരത്തെ നടന്ന ആക്രമണങ്ങൾക്ക് മണിക്കൂറുകൾക്ക് ശേഷമാണ് പുതിയ നീക്കം. ഇത് മേഖലയിലെ സംഘർഷം കൂടുതൽ വഷളാക്കിയിരിക്കുകയാണ്.
ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഹെംഗാം ദ്വീപിലും അമേരിക്കൻ ആക്രമണം നടന്നതായി ഇറാനിയൻ വാർത്താ ഏജൻസിയായ മെഹർ റിപ്പോർട്ട് ചെയ്തു. ഇറാനുമേൽ കൂടുതൽ ഉപരോധങ്ങൾ അമേരിക്ക ഏർപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം, അമേരിക്കയുമായി ‘അസ്തിത്വപരമായ യുദ്ധത്തിലാണ്’ തങ്ങളെന്നും, ആവശ്യമെങ്കിൽ ഊർജ്ജ കയറ്റുമതി പൂര്‍ണമായും തടസ്സപ്പെടുത്തുവെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. മേഖലയിലെ അമേരിക്കയുടെ ‘തിന്മ നിറഞ്ഞ നടപടികൾ’ തുടരുന്നിടത്തോളം കാലം ഒരു തുള്ളി എണ്ണയോ വാതകമോ ഈ മേഖലയിൽ നിന്ന് കയറ്റുമതി ചെയ്യില്ലെന്ന് ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാനുള്ള ഇറാന്‍റെ തീരുമാനത്തെത്തുടർന്ന് മേഖലയിൽ സംഘർഷം രൂക്ഷമായി തുടരുകയാണ്. ഇതിനു പിന്നാലെയാണ് അമേരിക്കയുടെ സൈനിക നടപടി. ലോകത്തെ എണ്ണ, പ്രകൃതിവാതക കയറ്റുമതിയുടെ ഏകദേശം അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന ഹോര്‍മൂസിലെ തടസ്സം ആഗോള ഷിപ്പിങ് മേഖലയെയും ഊർജ്ജ വിപണിയെയും ഗുരുതരമായി ബാധിച്ചിട്ടുണ്ട്. സംഘർഷങ്ങൾക്കിടെ ബുധനാഴ്ച ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ബാരലിന് 84.95 ഡോളർ എന്ന ഒരു മാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന നിരക്കിലെത്തുകയും ചെയ്തു.
ചർച്ചകൾക്ക് തയ്യാറായില്ലെങ്കിൽ വീണ്ടും ആക്രമിക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഇറാന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാനുമായുള്ള ഇടക്കാല വെടിനിർത്തൽ കരാർ പരാജയപ്പെട്ടതും ചർച്ചകൾക്കുള്ള സാധ്യതകൾ മങ്ങുന്നതും ആശങ്ക വർധിപ്പിക്കുന്നു. യുഎൻ ഉൾപ്പെടെയുള്ള രാജ്യാന്തര ഏജൻസികൾ സൈനിക നടപടികൾ അവസാനിപ്പിക്കണമെന്നും നയതന്ത്ര ചർച്ചകളിലേക്ക് മടങ്ങണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.