ധൻരാജ് രക്തസാക്ഷി ഫണ്ട് പിരിവുകളില്‍ ക്രമക്കേടില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്. ടി.ഐ. മധുസൂദനൻ എംഎൽഎ ഉൾപ്പെടെയുള്ളവർ ഫണ്ട് മുക്കിയെന്ന ആരോപണം ഉന്നയിച്ച സിപിഎം ജില്ലാ കമ്മിറ്റി അംഗം വി.കുഞ്ഞിക്കൃഷ്ണനെ പാര്‍ട്ടി പുറത്താക്കിയ വാര്‍ത്താസമ്മേളനത്തിലാണ് രാഗേഷ് ഇക്കാര്യം വ്യക്തമാക്കിയത്. 

സിപിഎം ആടിനെ പട്ടിയാക്കുന്നുവെന്ന് വി.കുഞ്ഞികൃഷ്ണന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഫണ്ട് തട്ടിപ്പിനെകുറിച്ച് പാര്‍ട്ടിക്കുള്ളില്‍ വിശദീകരിക്കാന്‍ നേതാക്കള്‍ക്ക് കഴിഞ്ഞിട്ടില്ല. പിന്നെ എങ്ങനെ ജനങ്ങളോട് വിശദീകരിക്കുമെന്നും കുഞ്ഞികൃഷ്ണന്‍ ചോദിച്ചു.

രക്തസാക്ഷി ഫണ്ടില്‍ നിന്ന്  നയാപ്പെസ പോകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി  എം.വി.ഗോവിന്ദനും വ്യക്തമാക്കിയിരുന്നു.  ഉയര്‍ന്നുവന്നത് സംഘടനാവിരുദ്ധ പ്രശ്നമെന്നും ജില്ലാ സെക്രട്ടേറിയറ്റും കമ്മിറ്റിയും ചര്‍ച്ച ചെയ്യുമെന്നും വേണ്ടിവന്നാല്‍ മാത്രമേ സംസ്ഥാന നേതൃത്വം ഇടപെടൂവെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. ഇതിനിടെ വി.കുഞ്ഞിക്കൃഷ്ണനെതിരെ പയ്യന്നൂരിൽ വ്യാപക പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. കുഞ്ഞിക്കൃഷ്ണന്റെ ആരോപണങ്ങൾ പൂർണമായി പാർട്ടി തള്ളിയിട്ടുണ്ടെന്നും ജില്ലാ സെക്രട്ടറി ഇറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. 

'ആരോപണം തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ചാണ്.‌ വാര്‍ത്ത ചോര്‍ത്തിയതിന് കുഞ്ഞിക്കൃഷ്ണനെതിരെ തെളിവുണ്ട്. കുഞ്ഞിക്കൃഷ്ണനെ പാര്‍ട്ടി ശാസിച്ചിരുന്നു. അപ്പോഴൊന്നും പുറത്തുപറയാത്ത കാര്യങ്ങള്‍ ഇപ്പോള്‍ പറയുന്നു. ഇദ്ദേഹം ഉത്തമ കമ്യൂണിസ്റ്റല്ല. പാര്‍ട്ടിക്കെതിരെ മാധ്യമങ്ങളെ കൂട്ടുപിടിച്ച് രംഗത്തുവന്നു. പാര്‍ട്ടിയെ പിന്നില്‍നിന്ന് കുത്തുകയും വഞ്ചിക്കുകയും ചെയ്തു. ഇതിനെ നേരിടാന്‍ പാര്‍ട്ടിക്ക് കെല്‍പ്പുണ്ട്. തെറ്റായ ഒന്നിനോടും വിട്ടുവീഴ്ച ചെയ്തിട്ടില്ല. പാര്‍ട്ടിയുടെ ഒരു രൂപപോലും നഷ്ടമായിട്ടില്ല. എന്നാല്‍ കണക്ക് പുറത്തുപറയില്ല. എല്ലാം പാര്‍ട്ടിയില്‍ പറയും. മാധ്യമങ്ങളോട് ബാധ്യതയില്ല. ജനത്തെ വസ്തുത ബോധിപ്പിക്കും. 

ഏരിയ കമ്മിറ്റി ഓഫിസ് നിര്‍മാണത്തില്‍ കണക്ക് കൃത്യമാണ്. കുഞ്ഞിക്കൃഷ്ണന്‍ പറയുന്നത് സ്വന്തം കണക്കാണ്. രസീത് അച്ചടിച്ചതില്‍ അക്ഷരത്തെറ്റുവന്നു. തെറ്റായ രസീത് അബദ്ധത്തില്‍ പണംപിരിക്കാന്‍ നല്‍കി. അതില്‍ പണം പിരിച്ചത് മധുസൂദനനല്ല, മറ്റൊരു നേതാവാണ്. ആ കണക്ക് കൃത്യമായി ഓഡിറ്റ് ചെയ്തിട്ടുണ്ടെ്' എന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. 

ENGLISH SUMMARY:

CPM Kerala fund misappropriation allegations are being investigated. KK Ragesh denies fund irregularities in Dhanaraj Martyr fund, stating no party funds were lost, while V. Kunjikrishnan is expelled for raising allegations.