ധൻരാജ് രക്തസാക്ഷി ഫണ്ട് പിരിവില്‍ ക്രമക്കേടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ. കെ. രാഗേഷ് പറയുന്നത് കേട്ടപ്പോള്‍ ചിരി വന്നെന്ന് ആരോപണം ഉന്നയിച്ച വി.കുഞ്ഞിക്കൃഷ്ണന്‍. ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു. ജനങ്ങളെ ബോധ്യപ്പെടുത്താനെ താന്‍ ശ്രമിച്ചുള്ളു. ഉച്ച അര്‍ധരാത്രിയെന്ന് നേതൃത്വം പറഞ്ഞാല്‍ അംഗീകരിക്കില്ലെന്നും കുഞ്ഞിക്കൃഷ്ണന്‍ മാധ്യമങ്ങളോടു പറഞ്ഞു. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു കുഞ്ഞിക്കൃഷ്ണന്‍.
‘കണക്ക് പുറത്തു വിടില്ല’
ധൻരാജ് രക്തസാക്ഷി ഫണ്ട് പിരിവുകളില്‍ ക്രമക്കേടില്ലെന്നു സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്. പാര്‍ട്ടിയുടെ ഒരു രൂപപോലും നഷ്ടമായിട്ടില്ല. എന്നാല്‍ കണക്ക് പുറത്തുപറയില്ല. എല്ലാം പാര്‍ട്ടിയില്‍ പറയും. മാധ്യമങ്ങളോട് ബാധ്യതയില്ല. ജനത്തെ വസ്തുത ബോധിപ്പിക്കും. ടി.ഐ. മധുസൂദനൻ എംഎൽഎ ഉൾപ്പെടെയുള്ളവർ ഫണ്ട് മുക്കിയെന്ന ആരോപണം ഉന്നയിച്ച സിപിഎം ജില്ലാ കമ്മിറ്റി അംഗം വി.കുഞ്ഞിക്കൃഷ്ണനെ പാര്‍ട്ടി പുറത്താക്കിയ വാര്‍ത്താസമ്മേളനത്തിലാണ് രാഗേഷ് ഇക്കാര്യം വ്യക്തമാക്കിയത്.
Also Read: ഫണ്ട് തിരിമറി ആരോപണം: സിപിഎം ജില്ലാ കമ്മിറ്റിയംഗം വി.കുഞ്ഞിക്കൃഷ്ണനെ പാര്‍ട്ടി പുറത്താക്കി
ആരോപണം തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ചാണ്. എം.എല്‍.എയോട് യശസ് കളങ്കപ്പെടുത്താനാണ് കുഞ്ഞിക്കൃഷ്ണന്റെ ശ്രമം. വാര്‍ത്ത ചോര്‍ത്തിയതിന് കുഞ്ഞിക്കൃഷ്ണനെതിരെ തെളിവുണ്ട്. കുഞ്ഞിക്കൃഷ്ണനെ പാര്‍ട്ടി ശാസിച്ചിരുന്നു. അപ്പോഴൊന്നും പുറത്തുപറയാത്ത കാര്യങ്ങള്‍ ഇപ്പോള്‍ പറയുന്നു. ഇദ്ദേഹം ഉത്തമ കമ്യൂണിസ്റ്റല്ല. പാര്‍ട്ടിക്കെതിരെ മാധ്യമങ്ങളെ കൂട്ടുപിടിച്ച് രംഗത്തുവന്നു. പാര്‍ട്ടിയെ പിന്നില്‍നിന്ന് കുത്തുകയും വഞ്ചിക്കുകയും ചെയ്തു. ഇതിനെ നേരിടാന്‍ പാര്‍ട്ടിക്ക് കെല്‍പ്പുണ്ട്. തെറ്റായ ഒന്നിനോടും വിട്ടുവീഴ്ച ചെയ്തിട്ടില്ല.
ഏരിയ കമ്മിറ്റി ഓഫിസ് നിര്‍മാണത്തില്‍ കണക്ക് കൃത്യമാണ്. കുഞ്ഞിക്കൃഷ്ണന്‍ പറയുന്നത് സ്വന്തം കണക്കാണ്. രസീത് അച്ചടിച്ചതില്‍ അക്ഷരത്തെറ്റുവന്നു. തെറ്റായ രസീത് അബദ്ധത്തില്‍ പണംപിരിക്കാന്‍ നല്‍കി. അതില്‍ പണം പിരിച്ചത് മധുസൂദനനല്ല, മറ്റൊരു നേതാവാണ്. ആ കണക്ക് കൃത്യമായി ഓഡിറ്റ് ചെയ്തിട്ടുണ്ടെന്നും ജില്ലാ സെക്രട്ട്റി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.
സിപിഎം ആടിനെ പട്ടിയാക്കുന്നുവെന്ന് വി.കുഞ്ഞികൃഷ്ണന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഫണ്ട് തട്ടിപ്പിനെകുറിച്ച് പാര്‍ട്ടിക്കുള്ളില്‍ വിശദീകരിക്കാന്‍ നേതാക്കള്‍ക്ക് കഴിഞ്ഞിട്ടില്ല. പിന്നെ എങ്ങനെ ജനങ്ങളോട് വിശദീകരിക്കുമെന്നും കുഞ്ഞികൃഷ്ണന്‍ ചോദിച്ചു.
രക്തസാക്ഷി ഫണ്ടില്‍ നിന്ന് നയാപ്പെസ പോകില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ വ്യക്തമാക്കി. ഉയര്‍ന്നുവന്നത് സംഘടനാവിരുദ്ധ പ്രശ്നമെന്നും ജില്ലാ സെക്രട്ടേറിയറ്റും കമ്മിറ്റിയും ചര്‍ച്ച ചെയ്യുമെന്നും വേണ്ടിവന്നാല്‍ മാത്രമേ സംസ്ഥാന നേതൃത്വം ഇടപെടൂവെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.
ഇതിനിടെ വി.കുഞ്ഞിക്കൃഷ്ണനെതിരെ പയ്യന്നൂരിൽ വ്യാപക പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ഇന്നലെ രാത്രിയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ‘കൂട്ടത്തിലൊരു പ്രിയ സഖാവ് വീണുപോയ രാത്രയിൽ വിശുദ്ധൻ എവിടെയായിരുന്നു. തടവറകളും ഇടിമുറികളും വിളിച്ച നാളുകളിൽ വിശുദ്ധൻ എവിടെയായിരുന്നു. ഊണും കഴിഞ്ഞ് ഏമ്പക്കവും വിട്ട് പാർട്ടിയെ വെല്ലുവിളിക്കുന്ന ഒറ്റുകാരനെ നാട് തിരിച്ചറിയും. രക്തസാക്ഷികൾ സിന്ദാബാദ്’ – എന്നിങ്ങനെയാണ് പോസ്റ്ററുകളിൽ എഴുതിയിരിക്കുന്നത്
കുഞ്ഞിക്കൃഷ്ണന്റെ ആരോപണങ്ങൾ പൂർണമായി പാർട്ടി തള്ളിയിട്ടുണ്ട്. കുഞ്ഞിക്കൃഷ്ണൻ ഉന്നയിച്ച ആരോപണങ്ങൾ തീർത്തും തെറ്റാണെന്ന് ജില്ലാ സെക്രട്ടറി ഇറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. വര്‍ഷങ്ങള്‍ക്കു മുന്‍പ് പാര്‍ട്ടിയില്‍ ഉയര്‍ന്നുവന്ന കാര്യങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനം കൈക്കൊണ്ടതാണ്. സമയ ബന്ധിതമായി വരവ്-ചെലവ് കണക്ക് അവതരിപ്പിക്കുന്നതിലുള്ള വീഴ്ച അല്ലാതെ വ്യക്തിപരമായി ആരും ധനാപഹരണം നടത്തിയിട്ടില്ലെന്ന കമ്മിഷന്‍ റിപ്പോര്‍ട്ട് ജില്ലാ കമ്മിറ്റി ചര്‍ച്ച ചെയ്ത് അംഗീകരിച്ചതുമാണ്. വിഭാഗീയ ലക്ഷ്യങ്ങളോടെ തെറ്റായ ആരോപണങ്ങള്‍ ബോധപൂര്‍വം ഉന്നയിക്കുകയായിരുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വി.കുഞ്ഞിക്കൃഷ്ണനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. 8 മാസങ്ങള്‍ക്കു മുൻപ് നടന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ തെറ്റുപറ്റിയെന്ന് വി. കുഞ്ഞിക്കൃഷ്ണന്‍ തുറന്നുപറഞ്ഞു– വാർത്താക്കുറിപ്പിൽ വിശദീകരിക്കുന്നു