ധൻരാജ് രക്തസാക്ഷി ഫണ്ട് ടി.ഐ. മധുസൂദനൻ എംഎൽഎ ഉൾപ്പെടെയുള്ളവർ മുക്കിയെന്ന ആരോപണം ഉന്നയിച്ച സിപിഎം ജില്ലാ കമ്മിറ്റി അംഗം വി.കുഞ്ഞിക്കൃഷ്ണനെ പാര്‍ട്ടി പുറത്താക്കി. ആരോപണം തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ചെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്  പറഞ്ഞു. എം.എല്‍.എയോട് യശസ് കളങ്കപ്പെടുത്താനാണ് കുഞ്ഞിക്കൃഷ്ണന്റെ  ശ്രമം. വാര്‍ത്ത ചോര്‍ത്തിയതിന് കുഞ്ഞിക്കൃഷ്ണനെതിരെ തെളിവുണ്ട്. കുഞ്ഞിക്കൃഷ്ണനെ പാര്‍ട്ടി ശാസിച്ചിരുന്നു. അപ്പോഴൊന്നും പുറത്തുപറയാത്ത കാര്യങ്ങള്‍ ഇപ്പോള്‍ പറയുന്നു. ഏരിയ കമ്മിറ്റി ഓഫിസ് നിര്‍മാണത്തില്‍ കണക്ക് കൃത്യമാണ്. കുഞ്ഞിക്കൃഷ്ണന്‍ പറയുന്നത് സ്വന്തം കണക്കാണ്. രസീത് അച്ചടിച്ചതില്‍ അക്ഷരത്തെറ്റുവന്നു. തെറ്റായ രസീത് അബദ്ധത്തില്‍ പണംപിരിക്കാന്‍ നല്‍കി. അതില്‍ പണം പിരിച്ചത് മധുസൂദനനല്ല, മറ്റൊരു നേതാവാണ്. ആ കണക്ക് കൃത്യമായി ഓഡിറ്റ് ചെയ്തിട്ടുണ്ടെന്നും ജില്ലാ സെക്രട്ട്റി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. 

Also read: ഫണ്ട് തിരിമറി ആരോപണം വസ്തുതാവിരുദ്ധമെന്ന് കെ.കെ.രാഗേഷ്; കുഞ്ഞികൃഷ്ണനെതിരെ ഫ്ലക്സ്

സിപിഎം ആടിനെ പട്ടിയാക്കുന്നുവെന്ന് വി.കുഞ്ഞികൃഷ്ണന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഫണ്ട് തട്ടിപ്പിനെകുറിച്ച് പാര്‍ട്ടിക്കുള്ളില്‍ വിശദീകരിക്കാന്‍ നേതാക്കള്‍ക്ക് കഴിഞ്ഞിട്ടില്ല. പിന്നെ എങ്ങനെ ജനങ്ങളോട് വിശദീകരിക്കുമെന്നും കുഞ്ഞികൃഷ്ണന്‍ ചോദിച്ചു.

രക്തസാക്ഷി ഫണ്ടില്‍ നിന്ന്  നയാപ്പെസ പോകില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി  എം.വി.ഗോവിന്ദന്‍ വ്യക്തമാക്കി.  ഉയര്‍ന്നുവന്നത് സംഘടനാവിരുദ്ധ പ്രശ്നമെന്നും ജില്ലാ സെക്രട്ടേറിയറ്റും കമ്മിറ്റിയും ചര്‍ച്ച ചെയ്യുമെന്നും വേണ്ടിവന്നാല്‍ മാത്രമേ സംസ്ഥാന നേതൃത്വം ഇടപെടൂവെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. 

ഇതിനിടെ വി.കുഞ്ഞിക്കൃഷ്ണനെതിരെ പയ്യന്നൂരിൽ വ്യാപക പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ഇന്നലെ രാത്രിയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ‘കൂട്ടത്തിലൊരു പ്രിയ സഖാവ് വീണുപോയ രാത്രയിൽ വിശുദ്ധൻ എവിടെയായിരുന്നു. തടവറകളും ഇടിമുറികളും വിളിച്ച നാളുകളിൽ വിശുദ്ധൻ എവിടെയായിരുന്നു. ഊണും കഴിഞ്ഞ് ഏമ്പക്കവും വിട്ട് പാർട്ടിയെ വെല്ലുവിളിക്കുന്ന ഒറ്റുകാരനെ നാട് തിരിച്ചറിയും. രക്തസാക്ഷികൾ സിന്ദാബാദ്’ – എന്നിങ്ങനെയാണ് പോസ്റ്ററുകളിൽ എഴുതിയിരിക്കുന്നത്

കുഞ്ഞിക്കൃഷ്ണന്റെ ആരോപണങ്ങൾ പൂർണമായി പാർട്ടി തള്ളിയിട്ടുണ്ട്. കുഞ്ഞിക്കൃഷ്ണൻ ഉന്നയിച്ച ആരോപണങ്ങൾ തീർത്തും തെറ്റാണെന്ന് ജില്ലാ സെക്രട്ടറി ഇറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. വര്‍ഷങ്ങള്‍ക്കു മുന്‍പ് പാര്‍ട്ടിയില്‍ ഉയര്‍ന്നുവന്ന കാര്യങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനം കൈക്കൊണ്ടതാണ്. സമയ ബന്ധിതമായി വരവ്-ചെലവ് കണക്ക് അവതരിപ്പിക്കുന്നതിലുള്ള വീഴ്ച അല്ലാതെ വ്യക്തിപരമായി ആരും ധനാപഹരണം നടത്തിയിട്ടില്ലെന്ന കമ്മിഷന്‍ റിപ്പോര്‍ട്ട് ജില്ലാ കമ്മിറ്റി ചര്‍ച്ച ചെയ്ത് അംഗീകരിച്ചതുമാണ്. വിഭാഗീയ ലക്ഷ്യങ്ങളോടെ തെറ്റായ ആരോപണങ്ങള്‍ ബോധപൂര്‍വം ഉന്നയിക്കുകയായിരുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വി.കുഞ്ഞിക്കൃഷ്ണനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. 8 മാസങ്ങള്‍ക്കു മുൻപ് നടന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ തെറ്റുപറ്റിയെന്ന് വി. കുഞ്ഞിക്കൃഷ്ണന്‍ തുറന്നുപറഞ്ഞു– വാർത്താക്കുറിപ്പിൽ വിശദീകരിക്കുന്നു

ENGLISH SUMMARY:

CPM expels V. Kunhikrishnan. The expulsion follows allegations of fund misappropriation, with the party dismissing the claims as politically motivated.