vs-mammootty-vellappally

രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ പത്മപുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ കേരളത്തിന് നേട്ടം. സിപിഎമ്മിന്റെ നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട പട്ടികയിൽ കേരളത്തിൽ നിന്നുള്ള പ്രമുഖരുടെ വലിയ നിര തന്നെയുണ്ട്. Read More: 5 പത്മവിഭൂഷൺ പുരസ്കാരങ്ങളിൽ മൂന്നെണ്ണവും മലയാളികള്‍ക്ക്; അഭിമാന നിമിഷം

കേരള രാഷ്ട്രീയത്തിലെ ഇതിഹാസമായിരുന്ന വി.എസ്. അച്യുതാനന്ദന് നൽകിയ പത്മവിഭൂഷൺ പുരസ്കാരം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. നൂറ് വയസ്സ് തികച്ച് അടുത്തിടെ അന്തരിച്ച വി.എസ്സിനോടുള്ള ആദരവായി കേന്ദ്ര സർക്കാർ ബഹുമതി  പ്രഖ്യാപിച്ചത്. വി.എസ്സിനൊപ്പം ജസ്റ്റിസ് കെ.ടി. തോമസ്, പി. നാരായണൻ എന്നിവർക്കും പത്മവിഭൂഷൺ നൽകി രാജ്യം ആദരിച്ചു. നിയമരംഗത്തും പൊതുപ്രവർത്തന രംഗത്തും ഇവർ നൽകിയ നിസ്തുലമായ സംഭാവനകൾ പരിഗണിച്ചാണ് ഈ അംഗീകാരം.

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് പത്മഭൂഷൺ പുരസ്കാരം പ്രഖ്യാപിച്ചു. കലാരംഗത്തെ അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകൾ മുൻനിർത്തിയാണ് ഈ വലിയ അംഗീകാരം തേടിയെത്തിയത്. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് പത്മഭൂഷൺ ലഭിച്ച മറ്റൊരു പ്രമുഖ വ്യക്തി. സാമൂഹിക പ്രവർത്തന രംഗത്തെ മികവിനാണ് അദ്ദേഹത്തെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.

kalamandalam-vimala-menon

കലാമണ്ഡലം വിമലാ മേനോന്‍

നൃത്തരംഗത്തെ അതുല്യമായ സംഭാവനകൾ പരിഗണിച്ച് കലാമണ്ഡലം വിമല മേനോന് പത്മശ്രീ പുരസ്കാരം നൽകി. നേരത്തെ പ്രഖ്യാപിച്ച 'അൺസങ് ഹീറോസ്' പട്ടികയിൽ ഉൾപ്പെട്ട പരിസ്ഥിതി പ്രവർത്തക ദേവകിയമ്മയ്ക്ക് പുറമെയാണ് കലാമണ്ഡലം വിമല മേനോനും പത്മശ്രീ തിളക്കത്തിലെത്തുന്നത്.

തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ വി.എസ്. അച്യുതാനന്ദനും വെള്ളാപ്പള്ളി നടേശനും ഉൾപ്പെടെയുള്ളവർക്ക് നൽകിയ പുരസ്കാരങ്ങളെ രാഷ്ട്രീയ നീക്കമായി നിരീക്ഷകർ വിലയിരുത്തുന്നുണ്ട്. കേരളത്തിലെ ഇടതുപക്ഷത്തിന്റേയും ഈഴവ സമുദായത്തിന്റേയും സ്വാധീനത്തെ മുൻനിർത്തിയുള്ള കേന്ദ്രത്തിന്റെ തന്ത്രപരമായ ഇടപെടലാണിതെന്ന് രാഷ്ട്രീയ വൃത്തങ്ങൾ കരുതുന്നു.

ENGLISH SUMMARY:

Padma Awards Kerala 2024 recognize prominent figures from Kerala across various fields. The awards highlight contributions to politics, arts, social work, and more, sparking discussions on their significance.