വിഴിഞ്ഞം രണ്ടാംഘട്ട നിര്‍മാണം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വിഴിഞ്ഞം വിസ്മയമായെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിര്‍മാണത്തിനിടെ പല തടസ്സങ്ങളുണ്ടായെന്നും നാടിന്റെ വികസനത്തില്‍ എല്‍ഡിഎഫിന് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കമ്മിഷനിങ്ങില്‍ പങ്കെടുക്കാതിരുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വിഴിഞ്ഞം രണ്ടാംഘട്ടത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
കേരളത്തിന്‍റെ അടിസ്ഥാനസൗകര്യ വികസന ചരിത്രത്തിലെ പുതിയ അധ്യായം എന്നാണ് മുഖ്യമന്ത്രി വിഴിഞ്ഞം പദ്ധതിയെ വിശേഷിപ്പിച്ചത്. ഇതൊന്നും കേരളത്തില്‍ നടക്കില്ലെന്ന് ആക്ഷേപിച്ചവരുണ്ടെന്നും വിഴിഞ്ഞത്തിന്റെ കുതിപ്പ് നാടിനാകെ അഭിമാനകരമാണെന്നും പിണറായി വിജയന്‍ പറഞ്ഞു. കേരളം മാറുന്നു, മുന്നേറുന്നു എന്നതാണ് നമ്മുടെ സന്ദേശമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ചരക്കുനീക്കത്തിന് മറ്റുള്ളവരെ ആശ്രയിച്ച കാലം കഴിഞ്ഞെന്ന് കൂട്ടിച്ചേര്‍ത്തു.
വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റിന് പലരും ശ്രമിക്കുന്നുവെന്ന് സ്വാഗതചടങ്ങില്‍ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. എന്നാല്‍ വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ ഉമ്മന്‍ ചാണ്ടിയുടെ പങ്ക് അദാനി പോര്‍ട്സ് എം.ഡി കരണ്‍ അദാനി എടുത്തു പറഞ്ഞു. കൂട്ടായ ശ്രമത്തിന്റെ ഫലമാണ് വിഴിഞ്ഞം തുറമുഖം. ഒരു സര്‍ക്കാരിന്റെ മാത്രം പ്രയത്നഫലമല്ലെന്നും പദ്ധതി പൂര്‍ത്തിയാവുന്നത് മുഖ്യമന്ത്രിയുടെ പിന്തുണയുള്ളതിനാലാണെന്നും കരണ്‍ പറഞ്ഞു.