അങ്കമാലി തിരുനായത്തോട് ശിവനാരായണ ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ഇടഞ്ഞ ആന തട്ടിവീഴ്ത്തിയതിനെത്തുടര്‍ന്ന് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുട്യൂബര്‍ മരിച്ചു. ചൊവ്വര പിഷാരത്ത് കെ.പി.സൂരജ് പിഷാരടി (34)യാണ് മരിച്ചത്. ബുധനാഴ്ച്ച രാവിലെ 11.45ന് ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള വലിയവിളക്ക് ശീവേലി എഴുന്നള്ളിപ്പിനിടെയാണ് ചിറയ്ക്കല്‍ ശബരിനാഥ് എന്ന ആനയിടഞ്ഞത്.
സൂരജ് മൊബൈല്‍ ക്യാമറയില്‍ ആനകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് അപകടം. ഇടഞ്ഞോടിയ ആന സൂരജിനെ തട്ടിവീഴ്ത്തി. തെറിച്ചുവീണ സൂരജിന്റെ ദേഹമാസകലം പരുക്കേറ്റു. തലയില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോള്‍ സൂരജ് അബോധാവസ്ഥയിലായിരുന്നു. ഇന്നലെ രാവിലെ 9.30നാണ് മരണം സംഭവിച്ചത്.
പത്തുമീറ്റര്‍ ദൂരം മാത്രമാണ് ആന ഓടിയതെങ്കിലും ഇതിനിടെ ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു. ഊട്ടുപുരയുടെ സമീപത്തെത്തിയ ആന പെട്ടെന്ന് ശാന്തനാവുകയായിരുന്നു. ഉത്സവപ്രേമിയും ആനപ്രേമിയുമായ സൂരജ് ഉത്സവപ്പറമ്പുകളിലെത്തി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ടായിരുന്നു. പിഷാരത്ത് സേതുമാധവന്റേയും സുഭദ്രയുടേയും മകനാണ്. സംസ്കാരം പിന്നീട് നടക്കും. സുജിത് ആണ് സഹോദരന്‍.