ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി.ശങ്കരദാസിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു ശങ്കരദാസ്. നിലവില്‍ ജയില്‍ ആശുപത്രിയിലെ സെല്ലിലേക്കാണ് മാറ്റി അഡ്മിറ്റ് ചെയ്തിരിക്കുന്നത്. എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാല്‍ വളരെ പെട്ടെന്ന് തന്നെ തിരുവനന്തപുരത്തെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റണം എന്ന നിര്‍ദേശത്തോടെയാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരിക്കുന്നത്.
എ.പത്മകുമാര്‍ പ്രസിഡന്‍റായിരുന്ന ഭരണസമിതിയില്‍ സിപിഐ പ്രതിനിധിയായിരുന്ന ശങ്കരദാസ് അംഗമായിരുന്നു. കേസില്‍ ശങ്കരദാസിനെ ചോദ്യം ചെയ്ത പ്രത്യേക അന്വേഷണസംഘം മൊഴിയും രേഖപ്പെടുത്തിയിരുന്നു. തന്ത്രിയും ഉദ്യോഗസ്ഥരും തീരുമാനിച്ച കാര്യങ്ങളാണ് ബോര്‍ഡ് ശബരിമലയില്‍ നടപ്പാക്കിയതെന്നായിരുന്നു ശങ്കരദാസിന്‍റെ മൊഴി. 2019 ല്‍ ശബരിമല ശ്രീകോവിലിന്‍റെ സ്വര്‍ണ കട്ടിളപ്പാളിയും, ദ്വാരപാലകശില്‍പങ്ങളുടെ സ്വര്‍ണപാളിയും ചെമ്പായി മാറിയെന്ന് രേഖപ്പെടുത്തിയതില്‍ സംശയം തോന്നിയിരുന്നില്ല. സ്വര്‍ണത്തിന്‍റെ തിളക്കം കുറഞ്ഞെന്നും വീണ്ടും സ്വര്‍ണം പൂശണമെന്നുമുള്ള ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് ബോര്‍ഡ് അംഗീകരിക്കുകയായിരുന്നുവെന്നും മൊഴിയിലുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ വച്ച് പലതവണ കണ്ടിട്ടുണ്ടെങ്കിലും വ്യക്തിപരമായി അടുപ്പമില്ല. ശബരിമലയുടെ പേരില്‍ യാതൊരു സാമ്പത്തിക ലാഭവും നേടിയിട്ടില്ലെന്നും ശങ്കരദാസ് അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു.
കേസിൽ ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതിൽ വിമർശനവുമായി ഹൈക്കോടതിയടക്കം രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ആശുപത്രിയിൽ എത്തി ശങ്കരദാസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തുകയും അവിടെ തന്നെ റിമാൻഡ് ചെയ്യുകയും ചെയ്തു. ഒരാൾ പ്രതി ചേർത്ത അന്നുമുതൽ ആശുപത്രിയിൽ കിടക്കുകയാണ്. മകൻ എസ്.പിയായതിനാലാണ് അന്വേഷണ സംഘം ആശുപത്രിയിൽ പോയതെന്നായിരുന്നു കോടതിയുടെ വിമർശനം.
പക്ഷാഘാതവും അതിന്‍റെ ഭാഗമായുണ്ടായ ശാരീരിക ബുദ്ധിമുട്ടുകളുമാണ് കാരണമാണ് കെ.പി.ശങ്കരദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. നാല് മാസം മുന്‍പാണ് ആദ്യം പക്ഷാഘാതമുണ്ടായത്. അതിന്‍റെ ചികിത്സ തുടരുന്നതിനിടെ ഡിസംബര്‍ 23ന് വീണ്ടും ആരോഗ്യനില വഷളാകുകയായിരുന്നു. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്ന് മുതല്‍ ചികില്‍സയില്‍ തുടരുകയാണ്. റിമാന്‍ഡ് ചെയ്തതോടെയാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നത്. കേസില്‍ പതിനൊന്നാം പ്രതിയാണ് കെ.പി.ശങ്കരദാസ്.