തിരുവനന്തപുരം കിളിമാനൂരില്‍ ദമ്പതികളുടെ മരണത്തിനിടയാക്കിയ വാഹനത്തിലുണ്ടായിരുന്ന രണ്ടുപേരെ രക്ഷപ്പെടുത്താന്‍ പൊലീസിന്‍റെ ബോധപൂര്‍വമായ ശ്രമമെന്ന് ആക്ഷേപം. അപകടസമയത്ത് ജീപ്പിനുള്ളില്‍ ഡ്രൈവര്‍ക്കൊപ്പം രണ്ട് യാത്രികര്‍ കൂടിയുണ്ടായിരുന്നുവെന്നാണ് നാട്ടുകാരുടെയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവരുടെയും മൊഴി. ഇതില്‍ ഒരാള്‍ പൊലീസുകാരനും മറ്റൊരാള്‍ അഗ്നിശമനസേന ഉദ്യോഗസ്ഥനുമെന്നാണ് ആക്ഷേപം. ഇവരെ സംരക്ഷിക്കാന്‍ ബോധപൂര്‍വം കിളിമാനൂര്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ ശ്രമിക്കുന്നുവെന്നാണ് പരാതി. കിളിമാനൂര്‍ ഇന്‍സ്പെക്ടറെ മാറ്റി നിര്‍ത്തിയുള്ള അന്വേഷണം വേണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.
പറക്കമുറ്റാത്ത രണ്ട് കുരുന്നുകളെ അനാഥത്വത്തിലേക്ക് തള്ളിവിട്ട കിളിമാനൂർ അപകടത്തിൽ പൊലീസിന്റെ തെളിവ് നശിപ്പിക്കൽ തിരക്കഥയ്ക്ക് കൂടുതൽ തെളിവുകൾ വരുന്നു. അപകടത്തിൽ മരിച്ച അംബികയുടേയും ഭർത്താവ് രജിത്തിന്റേയും ബന്ധുക്കളും ജനപ്രതിനിധികളും കൂടുതൽ തെളിവ് നിരത്തുമ്പോഴും ഞങ്ങളെ ആരും പഠിപ്പിക്കേണ്ടതില്ല എന്ന നിലപാടിലായിരുന്നു പൊലീസിനെന്നാണ് ആക്ഷേപം. കിളിമാനൂർ ഇൻസ്പെക്ടറെ മാറ്റി നിർത്തി പ്രത്യേക സംഘം അന്വേഷിക്കണമെന്നാണ് ബന്ധുക്കൾ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലുള്ളത്.
അഞ്ച് വയസുള്ള ശ്രാവൺ അമ്മാവന്റെ വിരലിൽ തൂങ്ങി നടപ്പാണ്. ഒന്നര വയസുകാരൻ ശ്രേയസ് തൊട്ടിലിൽ കരഞ്ഞുറങ്ങുന്നു. ദിവസങ്ങൾക്ക് മുൻപ് വരെ നെഞ്ചോട് ചേർത്തുറക്കിയിരുന്ന അമ്മയും അച്ഛനും നഷ്ടപ്പെട്ടതിൻ്റെ യാഥാർഥ്യം ഇരുവരും ഉൾക്കൊണ്ടിട്ടില്ല. അവർക്കതിന് അതിവേഗം കഴിയുന്ന സാഹചര്യവുമില്ല. ഈ സ്ഥിതി വരുത്തിയവർക്ക് എന്ത് ശിക്ഷയെന്ന് ബന്ധുക്കൾ ചോദിക്കുന്നു. ആക്ഷേപങ്ങളും സംശയമുനയും എത്തി നിൽക്കുന്നത് കിളിമാനൂർ ഇൻസ്പെക്ടർക്ക് നേരെയാണ്.
അപകടം നടന്ന് പത്തൊൻപത് ദിവസം പിന്നിടുമ്പോഴും അപകടമുണ്ടാക്കിയവർ സുരക്ഷിതരാണ്. മനപൂർവമല്ലാത്ത നരഹത്യ കുറ്റത്തിൽ മാത്രമൊതുങ്ങി. അംബികയുടെയും രജിത്തിൻ്റെയും ഉറ്റവർക്ക് നഷ്ടപ്പെട്ടതൊഴിച്ചാൽ കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ട അധികാരികൾക്ക് എത് മട്ടിൽ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന കാര്യത്തിൽ ഇപ്പോഴും നിശ്ചയമില്ല.