ലൈംഗിക ആരോപണത്തെ തുടര്‍ന്ന് കോഴിക്കോട്ട് ദീപക് ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഷിംജിത മുസ്തഫയുടെ ഫോൺ കസ്റ്റഡിയിലെടുത്ത് പൊലീസ്. ബസിൽ വച്ച് വീഡിയോ ചിത്രീകരിച്ച ഫോണാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഷിംജിത സമൂഹമാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്തതും ഈ ഫോണിലൂടെയാണ്. പ്രാഥമിക പരിശോധന നടത്തിയ പൊലീസ് ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കും വിധേയമാക്കും. അതേസമയം വീഡിയോ എഡിറ്റിങ്ങിന് ഷിംജിതയ്ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോയെന്നും പൊലീസ് അന്വേഷണം തുടങ്ങി. ഷിംജിതയെ കൂടുതൽ ചോദ്യം ചെയ്യാൻ അടുത്ത ദിവസം പൊലീസ് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും.
പൊലീസിനെതിരെ ദീപക്കിന്‍റെ കുടുംബം രംഗത്തെത്തി. പ്രതി ഷിംജിതയ്ക്ക് അനാവശ്യ പരിഗണന നല്‍കി. പ്രതിയെ സ്വകാര്യവാഹനത്തില്‍ കൊണ്ടുപോയതെന്തിന്? ജയിലിലും പ്രത്യേക സൗകര്യം ലഭിക്കാനാണ് സാധ്യതയെന്നും ദീപക്കിന്‍റെ കുടുംബം മനോരമ ന്യൂസിനോട് പറഞ്ഞു.
വടകരയിലെ ബന്ധു വീട്ടിൽ നിന്നാണ് ഷിംജിതയെ മെഡിക്കൽ കോളജ് പൊലീസ് അതി നാടകീയമായി അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു. കോഴിക്കോട് ജില്ല കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച് ഇരിക്കുമ്പോഴാണ് ഷിംജിതയെ വടകരയിലെ ബന്ധു വീട്ടിൽ നിന്ന് മഫ്തിയിൽ എത്തിയ മെഡിക്കൽ കോളജ് പൊലീസ് സംഘം അറസ്റ്റു ചെയ്തത്.
പൊലീസ് ജീപ്പ് ഒഴിവാക്കി മെഡിക്കൽ കോളജ് എസ് ഐ വി. ആർ. അരുണിന്റെ കാറിൽ വടകരയിൽ നിന്ന് ഷിംജിതയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധന പൂർത്തിയാക്കി. അവിടെ നിന്ന് കുന്ദമംഗലം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്ത ശേഷം ഷിംജിതയെ മഞ്ചേരി ജയിലിലേക്ക് കൊണ്ടു പോയി. ഷിംജിതയ്ക്ക് അർഹിച്ച ശിക്ഷ നൽകണമെന്ന് ദീപക്കിന്റെ കുടുംബം പ്രതികരിച്ചു.