ശബരിമല സ്വർണക്കൊള്ള കേസിലെ ഇഡി റെയ്ഡ് പൂര്‍ത്തിയായി. മൂന്ന് സംസ്ഥാനങ്ങളിലായി 21 ഇടങ്ങളിലായിരുന്നു പരിശോധന. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുടെ പരിശോധന 22 മണിക്കൂര്‍ നീണ്ടു. ഇന്നലെ രാവിലെ ആറ് മണിയോടെ തുടങ്ങിയ പരിശോധന ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സമാപിച്ചത്. സ്വർണക്കൊള്ള നടന്ന കാലയളവിലെ ബോർഡ് യോഗത്തിലെ മിനിറ്റ്സ്, ബാങ്ക് ഇടപാട് രേഖകൾ, മരാമത്ത് വിഭാഗം നൽകിയ കരാറുകൾ തുടങ്ങിയവ പരിശോധിച്ചു. അതേസമയം, ദേവസ്വം ബോർഡ് ആസ്ഥാനത്തെ പരിശോധന മറ്റൊരു ദിവസം കൂടിയുണ്ടാവുമെന്നാണ് ഉദ്യോഗസ്ഥർക്ക് ഇഡി നൽകിയിരിക്കുന്ന സൂചന. മറ്റിടങ്ങളിലെ പരിശോധനയും മണിക്കൂറുകൾ നീണ്ടു. റെയ്ഡിൽ സമാഹരിച്ച വിവരങ്ങൾ പരിശോധിച്ചാകും അന്വേഷണത്തിന്റെ രണ്ടാം ഘട്ടം. എസ്ഐടി പ്രതികളാക്കിയവർക്ക് പുറമെ മന്ത്രിമാരടക്കം ഇഡി യുടെ ചോദ്യമുനയിൽ എത്തുമെന്നാണ് സൂചന.
അതേസമയം, സ്വര്‍ണക്കൊള്ള കേസിലെ മൂന്ന് പ്രധാന പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാര്‍, മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ മുരാരി ബാബു, 11ാം പ്രതി നാഗ ഗോവർധൻ എന്നിവരുടെ ജാമ്യാപേക്ഷകളിലാണ് ഹൈക്കോടതി വിധി പറയുക. ജസ്റ്റിസ് എ.ബദറുദ്ദിന്റെ ബെഞ്ചാണ് ജാമ്യാപേക്ഷകളില്‍ വാദം കേട്ടത്. സ്വര്‍ണക്കൊള്ളയില്‍ പങ്കില്ലെന്നും, ഭരണപരമായ തീരുമാനം എടുക്കുകയും നടപ്പാക്കുകയും മാത്രമാണ് ചെയ്തത് എന്നാണ് പത്മകുമാറിന്റെയും, മുരാരി ബാബുവിന്റെയും വാദം. ശബരിമലയിലേക്ക് ഒരു കോടി 40 ലക്ഷം രൂപ സ്‌പോണ്‍സര്‍ ചെയ്തയാളാണ് താനെന്നും സ്വര്‍ണ്ണം കവര്‍ന്നെടുക്കേണ്ട കാര്യമില്ലെന്നുമാണ് നാഗ ഗോവര്‍ദ്ധന്‍ ഹൈക്കോടതിയെ അറിയിച്ചത്.
ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം അപഹരിച്ച കേസിൽ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ജാമ്യപേക്ഷയിലും ഇന്നു വിധി പറയും. കൊല്ലം വിജിലൻസ് കോടതി യിൽ ഇന്നലെ വാദം പൂർത്തിയായിരുന്നു. അറസ്റ്റിലായി 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്നാ പ്രതിഭാഗം വാദത്തെ പ്രോസീക്യൂഷൻ കാര്യമായി എതിർത്തിരുന്നില്ല. ഇതോടെ ജാമ്യം ലഭിക്കാൻ വഴി തെളിഞ്ഞിട്ടുണ്ട്. കട്ടിളപ്പാളിയിലെ സ്വർണം അപഹരിച്ച കേസിലും പോറ്റി പ്രതിയായതിനാൽ ആദ്യ കേസിൽ ജാമ്യം കിട്ടിയാലും ജയിൽ മോചിതനാകില്ല. രണ്ടാം കേസിൽ 90 ദിവസം പൂർത്തിയാകാൻ 3 ആഴ്ചകൂടിയുണ്ട്.