ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്ന സമൂഹമാധ്യമത്തിലെ വെളിപ്പെടുത്തലിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തതില്‍ പ്രതിയായ ഷിംജിത മുസ്തഫ സംസ്ഥാനം വിട്ടു. മെംഗളൂരുവിലേക്ക് കടന്നതായി സൂചന. ലൈംഗികാതിക്രമം നടന്നുവെന്ന് പറയുന്ന സ്വകാര്യ ബസ് ജീവനക്കാരിൽ നിന്ന് ഇന്ന് മൊഴിയെടുക്കും. യുവതിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ആത്മഹത്യാപ്രേരാണാക്കുറ്റം ചുമത്തിയിട്ടുണ്ട്. പൊലീസില്‍ പരാതി നല്‍കാതെ യുവതി വീഡിയോ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത സാഹചര്യവും അന്വേഷിക്കുന്നുണ്ട്.
Also Read: 'വിഡിയോ എടുക്കുന്നവളുമാരെ ബലാല്‍സംഗം ചെയ്യണം'
കോഴിക്കോട് ഗോവിന്ദപുരം മണൽത്താഴം ടി.പി.ഗോപാലൻ റോഡിലെ ഉള്ളാട്ട്തൊടി ‘ദീപക്കി’ൽ യു.ദീപക് (42) ആണു മരിച്ചത്. കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉള്ളാട്ടുതൊടി ചോയിയുടെയും കന്യകയുടെയും ഏകമകനാണ്. സ്വകാര്യ വസ്ത്രനിർമാണ സ്ഥാപനത്തിന്റെ സെയിൽസ് എക്സിക്യൂട്ടീവായ ദീപക് ജോലി ആവശ്യത്തിനു കണ്ണൂർ പയ്യന്നൂരിലെത്തിയപ്പോഴാണു വിഡിയോയ്ക്ക് ആധാരമായ സംഭവം. ട്രെയിനിറങ്ങി ബസ് സ്റ്റാൻഡിലേക്കുള്ള യാത്രയിൽ ബസിൽ വച്ച് ദീപക് തന്റെ ശരീരത്തിൽ ദുരുദ്ദേശ്യത്തോടെ തൊട്ടതായി ആരോപിച്ച് യുവതി വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചിരുന്നു. ആരോപണം ഉയർന്നതോടെ ആദ്യ റീൽ പിൻവലിച്ച യുവതി വിഡിയോയ്ക്കൊപ്പം വിശദീകരണവും ചേർത്ത് മറ്റൊരു റീൽ പോസ്റ്റ് ചെയ്യുകയായിരുന്നു. വസ്തുതാവിരുദ്ധമായ ആരോപണമാണു നടത്തിയതെന്നും വിഡിയോ പ്രചരിച്ചതോടെ ദീപക് കടുത്ത മാനസിക സംഘർഷത്തിലായിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു.
യുവതിക്കെതിരെ കൊലപാതകത്തിന് കേസെടുക്കണമെന്ന പരാതിയില്‍ ദീപക്കിന്‍റെ മാതാപിതാക്കളില്‍ നിന്നും മൊഴി രേഖപ്പെടുത്തി. ഗോവിന്ദപുരത്തെ വീട്ടിലെത്തിയ പൊലിസ് സംഭവദിവസം ദീപക് നടത്തിയ പ്രതികരണങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞു. സമൂഹമാധ്യമങ്ങളില്‍ വീഡിയോ വന്നത് മകനെ മാനസികമായ തകര്‍ത്തെന്ന് മാതാപിതാക്കള്‍ മൊഴി നല്‍കി. ചെയ്യാത്ത കുറ്റത്തിനാണ് ദീപക്കിനെ അപമാനിച്ചതെന്നും മാതാപിതാക്കള്‍ പറഞ്ഞു. ദീപക്ക് കടുത്തമാനസികസംഘര്‍ഷത്തിലായിരുന്നുവെന്നും അച്ഛന്‍ പറഞ്ഞു.