ശബരിമലയിലെ സ്വർണ്ണപ്പാളികൾ മാറ്റി എന്ന സംശയമുന്നയിച്ച് ഹൈക്കോടതി. 1998ലെയും 2019ലെയും പാളികൾ തമ്മിൽ പ്രകടമായ വ്യത്യാസമുണ്ടെന്ന് വി.എസ്.എസ്.സിയിലെ ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായി. 1998 മുതൽ 2025 വരെയുള്ള ഇടപെടലുകളെ കുറിച്ച് ആഴത്തിലുള്ള സമഗ്രമായ അന്വേഷണം വേണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക അന്വേഷണസംഘം നാളെ വീണ്ടും ശബരിമലയിൽ പരിശോധന നടത്തും.
തുടക്കത്തിൽ ഭരണപരമായ ചില നടപടികളെ ചൊല്ലി തുടങ്ങിയ അന്വേഷണം പുരോഗമിക്കുമ്പോൾ ‘പണ്ടോറയുടെ പെട്ടി’ തുറന്നതുപോലെ ക്ഷേത്ര സ്വത്തുകളുടെ സംഘടിതമായ കൊള്ളയാണ് നടന്നിരിക്കുന്നതെന്നാണ് ഹൈക്കോടതി തുറന്നടിച്ചത്. ക്ഷേത്ര സ്വത്തുക്കൾ സംരക്ഷിക്കേണ്ടവരുടെ മുൻകൈയിലാണ് ഇത് നടന്നിരിക്കുന്നതെന്ന് തെളിഞ്ഞു. ശബരിമല സ്വർണ്ണക്കൊള്ള ഒറ്റപ്പെട്ട സംഭവമല്ല. ഇതുമായി ബന്ധപ്പെട്ട് തുടക്കത്തിൽ തങ്ങൾ ഉന്നയിച്ച ആശങ്കകൾ പ്രഥമദൃഷ്ട്യാ ശരിയാണെന്ന് വ്യക്തമാക്കുന്നതാണ് വിഎസ്‍എസ്‍സിയിൽ നടത്തിയ പരിശോധനയുടെ ഫലം. 1998ലെയും 2019ലെയും സ്വർണപാളികൾ തമ്മിൽ പ്രകടമായ വ്യത്യാസമുണ്ടെന്ന് വി.എസ്.എസ്.സിയിലെ ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായി. വളരെ വിദഗ്ധവും വ്യവസ്ഥാപിതവുമായാണ് കുറ്റകൃത്യം നടന്നിരിക്കുന്നത് എന്നാണ് ഇത് തെളിയിക്കുന്നതെന്നും ജസ്റ്റിസ് രാജാ വിജയരാഘവൻ അധ്യക്ഷനായ ദേവസ്വം ബെഞ്ച് പറഞ്ഞു.
1998ൽ ശബരിമല ശ്രീകോവിൽ സ്വർണം പൊതിഞ്ഞത്, 2017ൽ കൊടിമരം മാറ്റി സ്ഥാപിച്ചത്, 2019 ദ്വാരപാലക ശിൽപ്പങ്ങളുടെ സ്വർണ്ണപ്പാളിയും, കട്ടിളപ്പാളികളും സ്വർണ്ണ പൂശിയത്, 2024, 25 കാലഘട്ടത്തിലെ ഇടപാടുകൾ എന്നിവയിൽ സമഗ്ര അന്വേഷണത്തിലേക്കാണ് കോടതി നിർദ്ദേശപ്രകാരം എസ്.ഐ.ടി നീങ്ങുന്നത്. ഇതോടെ 2017ലെ പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡന്റായ ദേവസ്വം ബോർഡും 2025ലെ പി.എസ്.പ്രശാന്ത് പ്രസിഡന്റായ ദേവസ്വം ബോർഡും അന്വേഷണത്തിന്റെ പരിധിയിൽ വരും.
സ്വർണ്ണക്കൊള്ള കേസിൽ 16 പ്രതികളിൽ 11 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. മൂന്നുപേരുടെ പങ്കാളിത്തം കൂടി പരിശോധിച്ചുവരികയാണ്. കേസിൽ 202 സാക്ഷി മൊഴികൾ രേഖപ്പെടുത്തി. കൂടുതൽ പേരുടെ അറസ്റ്റ് ഉണ്ടായേക്കുമെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിലുണ്ട്. ശബരിമലയിലെ അഷ്ടദിക്പാലക ശിൽപ്പങ്ങളെ കുറിച്ചും അന്വേഷണം നടത്തേണ്ടത് അത്യാവശ്യമാണെന്നും ഇതിന് കൂടുതൽ സാക്ഷികളിൽ നിന്ന് മൊഴികളെടുക്കണമെന്നും കോടതി പറഞ്ഞു. ഡിവൈഎസ്പി, ഇൻസ്പെക്ടർ റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥരെ കൂടി സംഘത്തിൽ ഉൾപ്പെടുത്തിയത് എസ്‌ഐടി അറിയിച്ചു. അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തിയ ഹൈക്കോടതി, സ്ട്രോങ് റൂമിലിരിക്കുന്ന വാതിൽപ്പാളിയും പ്രഭാമണ്ഡല പാളിയും പരിശോധിക്കാനായി നാളെ ശബരിമല സന്ദർശിക്കാൻ എസ്‌ഐടിക്ക് അനുമതി നൽകി. വിഷയം ഹൈക്കോടതി അടുത്ത മാസം 9 ന് വീണ്ടും പരിഗണിക്കും.
ശബരിമല സ്വർണകൊള്ള കേസിൽ പ്രത്യേക അന്വേഷണസംഘം ഇടക്കാല റിപ്പോർട്ട് ഹൈക്കോടതിയിൽ ഇന്ന് സമർപ്പിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള അഖില തന്ത്രി പ്രചാരക് സഭയുടെ ഹർജിയിൽ ദേവസ്വം ബെഞ്ചിന്റെ രൂക്ഷ വിമർശനം. അതേസമയം ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് വാസുവിന്റെ റിമാൻഡ് നീട്ടിയ കൊല്ലം വിജിലൻസ് കോടതി ഉണ്ണികൃഷ്ണൻ പോറ്റി യുടെ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും.
എസ്.ഐ.ടി തലവന്മാരായ എഡിജിപി എച്ച്.വെങ്കിടേഷ്, എസ്.പി എസ്.ശശിധരൻ എന്നിവർ നേരിട്ട് എത്തിയാണ് റിപ്പോർട്ട് നൽകിയത്. അന്വേഷണ പുരോഗതി വിലയിരുത്തിയ കോടതി വിഷയത്തിൽ ഇന്ന് ഇടക്കാല ഉത്തരവിറക്കും. അതിനിടെ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള അഖില തന്ത്രി പ്രചാരക് സഭയുടെ ഹർജിയെ ദേവസ്വം ബെഞ്ച് രൂക്ഷമായി വിമർശിച്ചു. എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാതെയാണ് ആരോപണങ്ങൾ ഉന്നയിക്കുന്നത് എന്ന് വാക്കാൽ വിമർശിച്ച കോടതി, പ്രതികളെ സംരക്ഷിക്കാനാണോ ഹർജിയെന്നും ചോദിച്ചു. 10 ഇടക്കാല ഉത്തരവുകൾ ഇറക്കിയ കേസിൽ ഇപ്പോൾ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത് എന്തിനാണെണ്ണും പ്രതികൾ നിരപരാധികളാണ് എന്നാണോ വാദമെന്നും കോടതി ചോദിച്ചു.
കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ എൻ വാസുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് കൂടെ റിമാൻഡ് ചെയ്തു.അതെ സമയം കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യാപേക്ഷയിൽ വിജിലൻസ് കോടതി നാളെ വിധി പറയും. ദ്വാരപാലകശിപ്പ കേസിൽ അറസ്റ്റിലായി 90 ദിവസം കഴിഞ്ഞത് ചൂണ്ടിക്കാട്ടിയാണ് ഉണ്ണികൃഷ്ണൻ പോറ്റി ജാമ്യഹർജി നൽകിയിരുന്നത്. നേരത്തെ പോറ്റ സമർപ്പിച്ച രണ്ട് ജാമ്യ ഹർജികളും തള്ളിയിരുന്നു. തന്ത്രി കണ്ഠരര് രാജീവരെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി വിജിലൻസ് കോടതിയിൽ എസ്ഐടി സമർപ്പിച്ച കസ്റ്റഡി അപേക്ഷ 22 ന് പരിഗണിക്കും. തന്ത്രിയുടെ ജാമ്യഹർജി പരിഗണിക്കുന്നതും 22 ലേക്ക് മാറ്റി.