തലയില്‍ പുഴുവരിച്ച മുറിവുമായെത്തിയ ആദിവാസി ബാലികക്ക് ആവശ്യമായ ചികില്‍സ നല്‍കാതെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്ന് മടക്കി അയച്ചതായി പരാതി. മലപ്പുറം പോത്തുകല്‍ ചെമ്പ്ര കോളനിയിലെ സുരേഷ്– സുനിത ദമ്പതികളുടെ അഞ്ചു വയസുകാരിയായ മകള്‍ സുനിമോളെയാണ് വേണ്ടത്ര ചികില്‍സ നല്‍കാതെ മടക്കി അയച്ചത്.
തലയുടെ പിന്‍ഭാഗത്ത് കഴുത്തിനോട് ചേര്‍ന്ന മുറിവില്‍ നിന്ന് പുഴുവരിക്കുന്ന നിലയിലാണ് അഞ്ചു വയസുകാരിയെ വ്യാഴാഴ്ച രാത്രി ഏഴരക്ക് നിലമ്പൂര്‍ ജില്ലാശുപത്രിയില്‍ എത്തിച്ചത്.കുട്ടിയുടെ ദേഹമാസകലം വ്രണങ്ങളുമുണ്ടായിരുന്നു. ശുചിത്വത്തിന്‍റെ കുറവുകൊണ്ടുണ്ടായ മുറിവുകളാണ് വലിയ വ്രണങ്ങളായി മാറിയത്.എന്നാല്‍ സര്‍ജനില്ലാത്തതിനാല്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. ഉടന്‍ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് എത്തിച്ച കുട്ടിയെ പിറ്റേ ദിവസം നേരെ പുലര്‍ന്നപ്പോള്‍ തന്നെ മെഡിക്കല്‍ കോളജല്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു.
എന്നാല്‍ ഐടിഡിപി ഏര്‍പ്പെടുത്തിയ ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴും കുട്ടി കരച്ചില്‍ തുടരുന്നത് ശ്രദ്ധയില്‍പെട്ട ഓട്ടോ ഡ്രൈവര്‍ പരിശോധിച്ചപ്പോഴാണ് മുറിവില്‍ നിറയെ പുഴുക്കളെ കാണുന്നത്.തുടര്‍ന്ന് നിലമ്പൂര്‍ ജില്ലാശുപത്രിയില്‍ നിന്ന് പുഴുക്കളെ നീക്കം ചെയ്ത ശേഷം കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു.നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുകയാണ് അഞ്ചു വയസുകാരി.