കൊല്ലം സായി ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കോഴിക്കോട് കടലുണ്ടി സ്വദേശി സാന്ദ്ര കടുത്ത മാനസിക പീഡനം നേരിട്ടിരുന്നുവെന്ന് കുടുംബം മനോരമ ന്യൂസിനോട്. അധ്യാപകർ മോശമായി പെരുമാറി എന്ന് മകൾ ഒരുപാടുതവണ പറഞ്ഞിരുന്നുവെന്നും അച്ഛൻ രവി മനോരമ ന്യൂസിനോട് പറഞ്ഞു.
സഹിക്കാൻ പറ്റുന്നതിന്‍റെ അപ്പുറം സഹിച്ചെന്ന് സാന്ദ്രയുടെ മൃതദേഹത്തിൽ നിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ടെന്നും മകളെപ്പോഴും അധ്യാപകരുടെ മോശം പെരുമാറ്റത്തിനെതിരെ പരാതി പറഞ്ഞിരുന്നുവെന്നും രവി പറയുന്നു. ഫോണില്‍ വിളിക്കുമ്പോള്‍ പക്ഷേ എല്ലാം തുറന്നു പറയാന്‍ മകള്‍ക്ക് സാധിച്ചിരുന്നില്ല. ഈ സമയം വാര്‍ഡനും മറ്റും ഒപ്പം കാണുമെന്നും പിതാവ് പറയുന്നു. പെട്ടെന്ന് ഫോണില്‍ വിളിച്ച് സംസാരിച്ച് ‘അച്ഛാ ശരി ബൈ ഉമ്മ’ എന്നുപറഞ്ഞ് ഫോണ്‍ കട്ട് ചെയ്യുകയായിരുന്നെന്നും രവി വ്യക്തമാക്കുന്നു.
കാര്യം ചോദിച്ചാല്‍ തുറന്നുപറയില്ല, മുന്‍പത്തേപ്പോലെയല്ല അധ്യാപകരെല്ലാം വളരെ മോശം രീതിയിലാണ് പെരുമാറുന്നതെന്നും കുട്ടി പറയുമായിരുന്നു. എന്‍റ മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും അവിടെയെന്തോ സംഭവിച്ചിട്ടുണ്ടെന്നും രവി തൊണ്ടയിടറിക്കൊണ്ട് പറയുന്നു. മകള്‍ക്കെന്ത് സംഭവിച്ചെന്ന് അറിയണമെന്നും രവി പറയുന്നു.