തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ചെങ്കിലും ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നതിനാല്‍ സത്യപ്രതിജ്ഞ ചെയ്യാനാവാതെ രണ്ട് നഗരസഭാംഗങ്ങള്‍. കണ്ണൂര്‍ പയ്യന്നൂര്‍ നഗരസഭയിലെ DYFI നേതാവ് വി.കെ നിഷാദ്, തലശേരിയിലെ ബിജെപി പ്രവര്‍ത്തകന്‍ യു. പ്രശാന്ത് എന്നിവരുടെ അംഗത്വമാണ് അനിശ്ചിതത്വത്തിലായത്. ഇരുവരുടെയും തിരഞ്ഞെടുപ്പ് വിജയം കമ്മിഷന്‍ റദ്ദാക്കിയേക്കും.
നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള തിയതി കഴിഞ്ഞതിന് ശേഷമായിരുന്നു പയ്യന്നൂര്‍ നഗരസഭയിലെ മൊട്ടമ്മല്‍ വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.കെ നിഷാദിനെ തളിപ്പറമ്പ് കോടതി 20 വര്‍ഷം തടവിന് ശിക്ഷിച്ച് ഉത്തരവിട്ടത്. പൊലീസിനെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചെന്ന കേസിലായിരുന്നു വിധി. കുറ്റക്കാരനെന്ന് കണ്ടെത്തിയതും പത്രിക പിന്‍വലിക്കേണ്ടതും ഒരേ തിയതിയായിരുന്നിട്ടും പത്രിക പിന്‍വലിച്ചിരുന്നില്ല. അതിനാല്‍ മല്‍സരം നടന്നു. നിഷാദ് ജയിക്കുകയും ചെയ്തു. എന്നാല്‍ തടവിലായത് കൊണ്ട് സത്യപ്രതിജ്ഞ ചെയ്യാനായതുമില്ല..
തലശേരി നഗരസഭ 37–ാം വാര്‍ഡില്‍ നിന്ന് ജയിച്ച ബിജെപി സ്ഥാനാര്‍ഥി യു. പ്രശാന്തിനും സമാനമായിരുന്നു അവസ്ഥ. സത്യപ്രതിജ്ഞയ്ക്ക് മുമ്പേ ജയിലിലായി. സിപിഎം പ്രവര്‍ത്തകന്‍റെ വീടാക്രമിച്ച കേസിലാണ് ശിക്ഷിച്ചത്. ഇരുവരും സത്യപ്രതിജ്ഞ ചെയ്തിട്ടില്ലെന്ന് നഗരസഭാ സെക്രട്ടറിമാര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കമ്മീഷനാണ് ഇനി തീരുമാനമെടുക്കേണ്ടത്. തിരഞ്ഞെടുപ്പില്‍ വിജയിച്ച് 30 ദിവസത്തിനുള്ളില്‍ മതിയായ കാരണമില്ലാതെ സത്യപ്രതിജ്ഞ ചെയ്തില്ലെങ്കില്‍ ആ വ്യക്തി സ്വമേധയാ സ്ഥാനം ഒഴിഞ്ഞതായാണ് കമ്മീഷന്‍ പ്രഖ്യാപിക്കുക. പക്ഷേ, കമ്മീഷന്‍ ഇതുവരെ ആ നടപടിയിലേക്ക് കടന്നിട്ടില്ല.
കമ്മീഷന് വരണാധികാരിയോട് വിശദീകരണം തേടുകയോ, പ്രസ്തുത ജനപ്രതിനിധികളെ ഹിയറിങ്ങിന് വിളിക്കുകയോ ചെയ്യാം. എന്നാല്‍ ഇതുമുണ്ടായിട്ടില്ല. 15 ദിവസത്തിലധികമായി പരോളിലുള്ള വി.കെ നിഷാദ് പാര്‍ട്ടി നിര്‍ദേശപ്രകാരമാണ് സത്യപ്രതിജ്ഞ ചെയ്യാത്തതെന്നാണ് വിവരം. തിരഞ്ഞെടുപ്പ് ഫലം വന്ന് കൃത്യം 30 ദിവസം തികഞ്ഞ ജനുവരി 13നായിരുന്നു നിഷാദിന്‍റെ അപ്പീല്‍ ഹൈക്കോടതി പരിഗണിക്കാനിരുന്നത്. ജാമ്യം കിട്ടിയാല്‍ അന്നുതന്നെ സത്യപ്രതിജ്ഞ ചെയ്യാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും കോടതി കേസ് മാര്‍ച്ചിലേക്ക് മാറ്റിവെച്ചത് തിരിച്ചടിയായി.