രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ മഹിള കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. പത്തനംതിട്ടി ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കനെയാണ് സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അതിജീവിതയെ മോശമായി ചിത്രീകരിക്കുന്ന തരത്തില്‍ ഫെയ്സ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചതിനാണ് അറസ്റ്റ്. രാഹുലിനെതിരെ ആദ്യം പരാതി നല്‍കിയ അതിജീവിതയ്ക്കെതിയെയും രഞ്ജിത ഇതേരീതിയില്‍ അധിക്ഷേപിച്ചിരുന്നു. ഈ കേസില്‍ മുന്‍കൂര്‍ ജാമ്യം നിലനില്‍ക്കെയാണ് സമാനകുറ്റം ചെയ്തത്.
കഴിഞ്ഞ ദിവസം മറ്റൊരു കോണ്‍ഗ്രസിന്‍റെ ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. സൈബർ അധിക്ഷേപം നടത്തിയതിന് അതിജീവിത മുഖ്യമന്ത്രിക്കു പരാതി നൽകിയയെ തുടര്‍ന്നായിരുന്നു കേസ്. പത്തനംതിട്ടയിലെ കോൺഗ്രസ് ജില്ലാ പഞ്ചായത്തംഗമായ ശ്രീനാദേവി കുഞ്ഞമ്മ 'അതിജീവിതനൊപ്പം' എന്നു പരാമർശിച്ചു വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെയാണ് അതിജീവിത മുഖ്യമന്ത്രിക്കു പരാതി നൽകിയത്. തുടർന്ന് സൈബർ ആക്രമണത്തിൽ കേസെടുക്കാൻ ഡിജിപി നിർദേശം നൽകിയിരുന്നു.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷയില്‍ നാളെ വിധി പറയും. ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. രാഹുലിനെതിരെ നിരന്തര പരാതികളെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ഇരുവരും തമ്മിലുള്ള ലൈംഗിക ബന്ധം എല്ലാം പരസ്പര സമ്മതത്തോടെയെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. ഒന്നര മണിക്കൂർനീണ്ട വാദത്തില്‍ രാഹുലും പരാതിക്കാരിയും തമ്മിലുള്ള ചാറ്റ് വിവരങ്ങളാണ് പ്രതിഭാഗം കോടതിയില്‍ വാദിച്ചത്.