ആയിരത്തിലേറെ വർഷങ്ങളുടെ ചരിത്രമുള്ള എറണാകുളം കാഞ്ഞൂർ പള്ളി വിശ്വാസികൾക്ക് ആശ്രയവും സഞ്ചാരികൾക്ക് കൗതുകവുമാണ്. പേർഷ്യൻ ശൈലിയും, ഭാരതീയ വാസ്തുവിദ്യയും ഒത്തു ചേരുന്ന മദ്ബഹ മുതൽ ആനവിളക്കുവരെ കാഞ്ഞൂർ പള്ളിയിൽ ചരിത്രക്കാഴ്ചകളുടെ നിര തന്നെയുണ്ട്. ഒറ്റക്കല്ലിൽ നിർമിച്ച മാമോദീസ തൊട്ടിയും, കരിങ്കൽ തൂണുകളും, കൊത്തുപണികളോടുകൂടിയ മേൽക്കൂരയുമെല്ലാം കാഞ്ഞൂർ പള്ളിയുടെ സവിശേഷതകളാണ്.
എറണാകുളം കാലടിക്കടുത്ത് കാഞ്ഞൂരിലുള്ളത് സെന്റ് മേരീസ് ദേവാലയമാണ്. അതേസമയം, വിശുദ്ധ സെബസ്ത്യനോസിന്റെ തീർഥാടന കേന്ദ്രവുമാണ്. വിശ്വാസത്തിന്റെ പാതയിൽ വരുന്നവർക്കും സന്ദർശകർക്കും കാഴ്ചയുടെ വിരുന്നൊരുക്കുകയാണ് 1025 വർഷം പഴക്കമുള്ള കാഞ്ഞൂർ പള്ളി.
ചുമർ ചിത്രങ്ങളാൽ അലംകൃതമാണ് കാഞ്ഞൂർ പള്ളിയിലെ മദ്ബഹ. യേശുവിൻറെ ജീവിതത്തിലെ നിർണായക മുഹൂർത്തങ്ങൾ ജീവൻ തുളുമ്പുന്ന രീതിയിൽ ചിത്രീകരിച്ചിരിച്ചിരിക്കുന്നത് നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും അതേ തിളക്കത്തിൽ തന്നെ. ഇലച്ചാറും തങ്കഭസ്മവും ചെങ്കൽപ്പൊടിയും ചേർത്തു വരച്ചതിനാലാണ് ചുമർ ചിത്രങ്ങൾക്കു മങ്ങൽ ഏൽക്കാത്തത്. ആയിരം വർഷങ്ങളുടെ ചരിത്രം വട്ടെഴുത്തു ലിപിയിൽ പള്ളിയുടെ ചുമരിൽ ആലേഖനം ചെയ്തിട്ടുണ്ട്.
ഈ മാസം 19, 20 തീയതികളിൽ തിരുനാളിന് അലങ്കാരമണിയുമ്പോൾ അൾത്താരയും, ശക്തൻ തമ്പുരാൻ സമ്മാനിച്ച ആനവിളക്കും കാണാൻ ആയിരങ്ങളെത്തും. ടിപ്പു സുൽത്താൻ തിരുവിതാംകൂറിലേക്കു നടത്തിയ പടയോട്ടങ്ങളെ അതിജീവിച്ച പള്ളിയാണ് കാഞ്ഞൂരിലേത്. പള്ളിയെക്കുറിച്ച് ഒട്ടേറെ അനുഭവ കഥകളും ഇന്നാട്ടുകാർക്ക് പറയാനുണ്ട്.