പൊലീസ് ഉദ്യോഗസ്ഥയുടെ പണി തെരുവുനായ വളര്‍ത്തല്‍. പൊറുതിമുട്ടി അയല്‍വാസികള്‍. കഴക്കൂട്ടം സ്റ്റേഷനിലെ പൊലീസുകാരി മെറ്റില്‍ഡയുടെ ചെങ്കോട്ടുകോണത്തെ വീട്ടുമുറ്റത്തും ടെറസിലുമായി എഴുപതോളം തെരുവുനായ്ക്കളെയാണ് വളര്‍ത്തുന്നത്. നായ്പേടിയില്‍ വഴിനടക്കാന്‍ പറ്റുന്നില്ലെന്നും കടുത്ത ദുര്‍ഗന്ധം സഹിക്കാന്‍ കഴിയുന്നില്ലെന്നും അയല്‍വാസികള്‍ പരാതിപ്പെടുന്നു. നഗരസഭയില്‍ പരാതിപ്പെട്ടെങ്കിലും സംരക്ഷിക്കാന്‍ സ്ഥലമില്ലെന്ന് പറഞ്ഞ് കയ്യൊഴിഞ്ഞു.
ഏതെങ്കിലും സിനിമാ രംഗമല്ല. കാട്ടായിക്കോണം വാർഡിലെ ചെങ്കോട്ടുകോണം സ്വാമിയാർ മഠത്തിന് സമീപം "സൃഷ്ടി" വീട്ടിൽ രമ്യയുടെ വീട്ടില്‍ നിന്നു നോക്കുമ്പോഴുളള കാഴ്ചകളാണ്. രമ്യയുടെ തൊട്ടയല്‍പക്കത്ത് കഴക്കൂട്ടം സ്റ്റേഷനിലെ പൊലീസുകാരി മെറ്റില്‍ഡയുടെ തെരുവുനായ് പ്രേമമാണ് നാട്ടുകാരുടെ മുഴുവന്‍ ഉറക്കം കെടുത്തുന്നത്. മതിലില്ലാത്ത വീട്ടിൽ മുറികളിലും ടെറസിലുമായി 70 ഓളം തെരുവ് നായ്ക്കള്‍.
ഇലക്ട്രിസിറ്റി, വാട്ടർ ബില്ലുകൾ എടുക്കാന്‍ വരുന്നവര്‍ വീട്ടില്‍ കയറാത്തതിനാല്‍ വാട് ട്സാപ്പില്‍ ഫോട്ടോ എടുത്ത് അയച്ചു നല്കേണ്ട അവസ്ഥ. ഓൺലൈൻ ഡെലിവറിയും ഭക്ഷണ വിതരണക്കാരും ഈ വഴി വരില്ല. പല ദിവസങ്ങളിലും 10 വയസ്സുള്ള മകനെ സ്കൂളിലയ്ക്കാൻ കഴിയുന്നില്ലെന്ന് രമ്യ.
ഓംബുഡ്സ്മാനിലും മനുഷ്യാവകാശ കമ്മിഷനിലും പൊലീസിലും ഒക്കെ പരാതി കൊടുത്തെങ്കിലും രണ്ടു വർഷത്തിലേറെയായി യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഡ്യൂട്ടി സമയത്ത് തെരുവനായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ പോകുന്നതിന് നടപടി നേരിട്ടിട്ടുണ്ടെങ്കിലും പൊലീസുകാരിക്ക് കുലുക്കമില്ല. ഇത്രയും നായ്ക്കളെ സംരക്ഷിക്കാനുള്ള സ്ഥലമില്ലെന്ന് കാട്ടിയാണ് നഗരസഭയും കയ്യൊഴിഞ്ഞത്. ബിജെപി ഭരണത്തിലേറിയപ്പോഴത്തെ പ്രധാന വാഗ്ദാനമായിരുന്നു തെരുവുനായ്ക്കളില്‍ നിന്ന് നാട്ടുകാര്‍ക്ക് രക്ഷ. മേയര്‍ വി വി രാജേഷിനുമുമ്പില്‍ രമ്യയുടെ നാട്ടുകാരുടേയും ദുരിതം ഞങ്ങള്‍ സമര്‍പ്പിക്കുന്നു.