രാഹുലിനെ ന്യായീകരിച്ച് രാഹുലിന്റെ അടുത്ത സുഹൃത്തും യൂത്ത് കോൺഗ്രസ് നേതാവുമായ ഫെനി നൈനാൻ. അതിജീവിതയെ അറിയാമെന്നും 2025 നവംബർ വരെ സംസാരിച്ചിട്ടുണ്ട് എന്നും ഫെനി തന്റെ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു. യുവതി കെഎസ്‌യുവിന്റെ പരിപാടിക്ക് 5000 രൂപ തന്നിരുന്നു. എന്നാൽ അവരെ രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗം ചെയ്തുവെന്നത് അതിശയം. രണ്ടാമത്തെ കേസിൽ തന്നെ ചോദ്യം ചെയ്തിട്ടും അറസ്റ്റ് ചെയ്തില്ല, കാരണം തെളിവില്ല. രാഹുൽ മാങ്കൂട്ടത്തിൽ ഇന്ത്യൻ നിയമവ്യവസ്ഥയ്ക്കെതിരായ ഒരു കുറ്റവും ചെയ്തിട്ടില്ല. രാഹുൽ ധാർമികമായി തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് വിധിക്കാൻ ഞാൻ ആളല്ല. സത്യം തെളിയുമെന്നും അന്ന് വേട്ടയാടിയവർ മനസ്സുകൊണ്ട് എങ്കിലും മാപ്പ് പറയണമെന്നും ഫെനി കുറിച്ചു.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിച്ച ഫെയ്സ്ബുക്ക് ലൈവില്‍ കോണ്‍ഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയോടു ഡിസിസി വിശദീകരണം തേടി. ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കിയില്ലെങ്കില്‍ നടപടിയുണ്ടാകും.
Also Read: മുറിയില്‍ യുവതിക്കൊപ്പം ഒരു മണിക്കൂര്‍, എത്തിയത് സംസാരിക്കാനെന്ന് രാഹുല്‍; രജിസ്റ്ററില്‍ പേരിങ്ങനെ.
അവനൊപ്പമാണ് എന്നും ആരോപണങ്ങള്‍ നേരിടാൻ അതിജീവിതന് മനക്കരുത്ത് ഉണ്ടാകട്ടെയെന്നുമായിരുന്നു ശ്രീനാദേവി എഫ്ബി ലൈവില്‍ പറഞ്ഞത്. അതിജീവിതയ്ക്കൊപ്പം നിൽക്കുമ്പോൾ തന്നെ 'അതിജീവിതന്റെ' ഭാഗം കൂടി കേൾക്കണം. നിലവിലെ പരാതികളിൽ സംശയമുണ്ട്. ഒന്നാമത്തെ പരാതിയിൽ പീഡന ആരോപണം നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞിട്ടുണ്ട്. രണ്ടാമത്തെ കേസിലും കോടതി സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. പുതിയ പരാതിയിൽ പെൺകുട്ടി ഉപദ്രവിക്കപ്പെട്ടു എന്ന് കേൾക്കുമ്പോൾ വേദനയുണ്ട്. എന്നാൽ, പീഡനത്തിന് ശേഷം പ്രതി ചെരുപ്പ് വാങ്ങി നൽകി, ഫ്ലാറ്റ് വാങ്ങാൻ ശ്രമിച്ചു എന്നൊക്കെയുള്ള മൊഴികൾ കേൾക്കുമ്പോൾ ചില സംശയങ്ങൾ തോന്നുന്നു.
രാഹുൽ കുറ്റക്കാരനാണോ എന്ന് കോടതി തീരുമാനിക്കട്ടെ . മാധ്യമങ്ങൾ ഇല്ലാത്ത കഥകൾ പടച്ചുവിടുന്നുണ്ടോ എന്ന് പരിശോധിക്കണം. കുടുംബം ഒരാൾക്ക് മാത്രമല്ല, ഇപ്പുറത്തുമുണ്ട്. എന്നാൽ രണ്ടുപേർക്കും ഒരേ പരിഗണനയല്ല ലഭിക്കുന്നത്. അതിജീവിതന്മാർക്കൊപ്പം നിൽക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അവർ പറഞ്ഞു. പ്രഥമദൃഷ്ട്യാ തെറ്റ് കണ്ടതുകൊണ്ടാകാം പോലീസ് അറസ്റ്റ് ചെയ്തതെന്നും എന്നാൽ സത്യം പുറത്തുവരുന്നത് വരെ രാഹുൽ ക്രൂശിക്കപ്പെടരുത് എന്നും ശ്രീനാദേവി കൂട്ടിച്ചേർത്തു.
ബലാല്‍സംഗം നടന്നതായി പരാതിയില്‍ പറഞ്ഞ ഹോട്ടല്‍ മുറിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഹോട്ടല്‍ റജിസ്റ്ററില്‍ രാഹുല്‍ ബി.ആര്‍ എന്ന പേര് എസ്.ഐ.ടി കണ്ടെടുത്തു. അതിജീവിതയുമായി സംസാരിക്കാന്‍ ഹോട്ടലിലെത്തിയെന്ന് തെളിവെടുപ്പില്‍ രാഹുലും സമ്മതിച്ചു. എന്നാല്‍ മൊബൈല്‍ ഫോണുകളുടെ പാസ് വേഡ് നല്‍കാനും ലാപ്ടോപ് എവിടെയെന്ന് പറയാനും തയാറാകാതെ അന്വേഷണത്തോട് നിസഹകരിക്കുകയാണെന്നും പൊലീസ് കുറ്റപ്പെടുത്തി.
മുട്ടയേറും വഴിതടയലും രാഹുല്‍ മാങ്കൂട്ടത്തില്‍ ഇനിയും അനുഭവിക്കേണ്ടെന്ന് കരുതി നേരംപുലരും മുന്‍പ് തന്നെ പൊലീസ് തെളിവെടുപ്പിനിറങ്ങി. ഹോട്ടലിലെത്തിയ കാര്യം സമ്മതിച്ച രാഹുല്‍ 408 ാം നമ്പര്‍ മുറിയും തിരിച്ചറിഞ്ഞു. ഒരു മണിക്കൂറോളം റൂമിലിരു്ന്ന് സംസാരിച്ചെന്നാണ് മൊഴി. ബലാല്‍സംഗത്തേക്കുറിച്ച് പൊലീസ് ചോദിച്ചപ്പോള്‍ ഉത്തരം പറയാതെ ചിരിക്കുക മാത്രമാണ് പാലക്കാട് എം.എല്‍.എ ചെയ്തത്.
ഹോട്ടല്‍ റജിസ്റ്ററില്‍ നിന്ന് അതിജീവിതയ്ക്കൊപ്പം രാഹുല്‍ ബി.ആര്‍ എന്ന പേര് കണ്ടെടുത്തത് കുറ്റകൃത്യ സ്ഥലത്ത് പ്രതിയുണ്ടായിരുന്നൂവെന്നതിന്‍റെ നിര്‍ണായക തെളിവായാണ് എസ്.ഐ.ടി കരുതുന്നത്. അതുകൊണ്ട് തന്നെ 15 മിനിറ്റ് കൊണ്ട് തെളിവെടുപ്പ് അവസാനിപ്പിച്ച് രാഹുലിനെ തിരികെ എ.ആര്‍ ക്യാംപിലെത്തിച്ചു.
ചോദ്യം ചെയ്യലില്‍ ഭൂരിഭാഗം ചോദ്യത്തിനും ചിരി മാത്രമാണ് രാഹുലിന്‍റെ ഉത്തരം. പിടിച്ചെടുത്ത രണ്ട് മൊബൈല്‍ ഫോണുകളുടെയും പാസ് വേഡ് നല്‍കാന്‍ തയാറല്ല. ലാപ്ടോപ്പിനായി അടൂരില്‍ രാഹുലിന്റെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും ലഭിച്ചില്ല. തനിക്ക് അനുകൂലമായ പല തെളിവുകളും അതിലുണ്ടെന്നും അവ പൊലീസ് നശിപ്പിക്കുമെന്നതിനാല്‍ കൈമാറാന്‍ തയാറല്ലെന്നുമാണ് രാഹുലിന്‍റെ വാദം. എന്നാല്‍ സ്ത്രീകളുടെ നഗ്നദൃശ്യങ്ങള്‍ അവയിലുണ്ടെന്നും അത് കണ്ടെടുക്കാനായി മൊബൈല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധനക്ക് അയക്കാനും പൊലീസ് തീരുമാനിച്ചു.
രാഹുല്‍ സഹകരിക്കാത്തതിനാല്‍ പാലക്കാടും അടൂരിലെ വീട്ടിലുമെത്തിച്ചുള്ള തെളിവെടുപ്പ് വേണ്ടെന്ന് വെച്ചു. ചോദ്യം ചെയ്യലിലൂടെ പരമാവധി വിവരങ്ങള്‍ ശേഖരിച്ച് നാളെ ഉച്ചയോടെ രാഹുലിനെ തിരികെ കോടതില്‍ ഹാജരാക്കാനാണ് പൊലീസ് ആലോചിക്കുന്നത്.