ലൈംഗികപീഡനക്കേസിൽ അറസ്റ്റിലായ പാലക്കാട് എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിലുമായി പൊലീസിന്‍റെ തെളിവെടുപ്പ് തുടരുകയാണ്. 15 മിനിറ്റുനേരം തിരുവല്ലയിലെ സ്വകാര്യ ഹോട്ടലില്‍ തെളിവെടുപ്പ് നടന്നു. ഹോട്ടലിലെ 408–ാം നമ്പർ മുറിയിലാണ് തെളിവെടുപ്പ് നടത്തിയത്. മുറി തിരിച്ചറിഞ്ഞ രാഹുല്‍ യുവതിയ്‌ക്കൊപ്പം ഒരു മണിക്കൂര്‍ ചിലവിട്ടെന്നു പറഞ്ഞു.
സംസാരിക്കാനാണ് എത്തിയതെന്നായിരുന്നു രാഹുലിന്‍റെ വാദം. 2024 ഏപ്രിൽ 8ന് ഉച്ചയ്ക്ക് 1.45 ഓടെ ഇവിടെ എത്തിയതായും യുവതിയുമായി ഒരു മണിക്കൂറോളം ചെലവഴിച്ചതായും സമ്മതിച്ചു. എന്നാൽ പീഡനത്തെ കുറിച്ചുള്ള പൊലീസിന്‍റെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് മൗനമായിരുന്നു മറുപടി. സംഭവദിവസത്തെ രജിസ്റ്റര്‍ വിവരങ്ങള്‍ എസ്ഐടി സംഘം ശേഖരിച്ചു.
സംഭവദിവസം 408ാം നമ്പര്‍ മുറി അതിജീവിതയുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഒപ്പമുണ്ടായിരുന്നയാളുടെ പേര് രാഹുല്‍ ബി.ആര്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ യഥാര്‍ഥ പേര് ഇതാണ്. അതേസമയം ആ ദിവസത്തെ സിസിടിവി ദൃശ്യങ്ങളൊന്നും ലഭിച്ചിരുന്നില്ല. 21 മാസം പിന്നിട്ടതിനാൽ ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടില്ലെന്ന് ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞു. ദൃശ്യങ്ങൾ വീണ്ടെടുക്കുന്നതിനായി ഹാർഡ്ഡിസ്ക് പൊലീസ് കണ്ടെടുത്തു.
അടൂരിലെ വീട്ടിലേക്കും രാഹുലിനെ തെളിവെടുപ്പിനായി എത്തിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. തെളിവെടുപ്പിന് ഹോട്ടലിലേക്കു പോകുമ്പോള്‍ ചിരിച്ചുകയറിയ രാഹുല്‍ മ്ലാനമുഖത്തോടെയാണ് തിരിച്ചിറങ്ങിയത്. എന്തെങ്കിലും പറയാനുണ്ടോയെന്ന ചോദ്യത്തിന് മൗനമായിരുന്നു മറുപടി.