മകരവിളക്ക് പ്രമാണിച്ച് ശബരിമലയില്‍ നാളെയും മറ്റന്നാളും കടുത്ത നിയന്ത്രണം. നാളെ സ്പോട്ട് ബുക്കിങ് അടക്കം 40,000 പേര്‍ക്കും മകരവിളക്ക് ദിനമായ മറ്റന്നാള്‍ 35000 പേര്‍ക്കും മാത്രമേ ദര്‍ശനം അനുവദിക്കൂ. മകരവിളക്ക് ദിനം നിലയ്ക്കലില്‍ നിന്ന് 10 ന് ശേഷവും പമ്പയില്‍ നിന്ന്11ന് ശേഷവും തീര്‍ഥാടകരെ കടത്തിവിടില്ല. വിളക്ക് കഴിഞ്ഞ് തീര്‍ഥാടകര്‍ മലയിറങ്ങിയ ശേഷമേ തീര്‍ഥാടകരെ വീണ്ടും കടത്തിവിടുകയുള്ളു.
ഇന്നു മുതല്‍15 വരെ പമ്പയില്‍ പാര്‍ക്കിങ് അനുവദിക്കില്ല. പുല്ലുമേട്ടില്‍ ബിഎസ്എന്‍എല്‍ താല്‍ക്കാലിക ടവര്‍ സ്ഥാപിച്ചു. ആയിരം ബസുകള്‍ സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. 15 മുതല്‍ 18വരെ 55,000 തീര്‍ഥാടകരെ മാത്രമേ അനുവദിക്കൂ. Also Read: മകരവിളക്കിന് ഇനി രണ്ട് നാള്‍; മഞ്ഞും വെയിലുമേറ്റ് തമ്പടിച്ച് തീര്‍ഥാടകര്‍ .
മകരവിളക്ക് ദിവസം അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്ന് ഉടന്‍ പുറപ്പെടും. 11 മണിയോടെ ശ്രീകോവിലിന് മുന്നിലെത്തിച്ച പേടകങ്ങളിൽ പൂജിച്ച പൂമാല ചാർത്തി മേൽശാന്തി നീരാഞ്ജനം ഉഴിഞ്ഞു. ആകാശത്ത് ശ്രീകൃഷ്ണപരുന്ത് വട്ടമിട്ടു പറക്കുന്നതോടെ ഘോഷയാത്ര പുറപ്പെടും.