പരിസ്ഥിതിക്ക് വേണ്ടി ഒട്ടേറെ ഇടപെടലുകൾ നടത്തിയ ഫോട്ടോ ജേണലിസ്റ്റ് ആയിരുന്നു അന്തരിച്ച എൻ.പി. ജയൻ. സൈലന്‍റ് വാലി വനത്തിൽ ഒരു വർഷം താമസിച്ച് പകർത്തിയ ചിത്രങ്ങളും ശബരിമലയിലെ പ്രകൃതി ചൂഷണം വെളിപ്പെടുത്തിയ ഫോട്ടോകളും എന്നും ഓർമിക്കപ്പെടുന്നവയാണ്.
ജൈവ വൈവിധ്യത്തിന്‍റെ കലവറയായ സൈലന്‍റ് വാലി വനത്തിൽ ഒരു വർഷം തങ്ങി ആറായിരത്തോളം ചിത്രങ്ങൾ പകർത്തിയ ഫോട്ടോഗ്രാഫർ. എൻ.പി.ജയന്‍റെ അസാധാരണ ഇടപെടൽ ആയിരുന്നു അത്.
ഡൽഹിയിലെ ഈ പ്രദർശനം കാണാൻ അന്നത്തെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ എത്തിയിരുന്നു. ഫോട്ടോ ജേണലിസത്തിൽ തുടങ്ങി വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയിലൂടെ കാതലുള്ള ചിത്രങ്ങൾക്ക് വേണ്ടി ജയൻ കാടും മലയും കടന്ന് സഞ്ചരിച്ചു. ശബരിമലയിൽ പ്രകൃതിക്ക് സംഭവിച്ച ആഘാതം കേരളം കണ്ടത് ജയന്‍റെ ക്യാമറയിലൂടെ ആയിരുന്നു. മലിനമായ പമ്പയും പ്രദേശത്തെ മാലിന്യവും എല്ലാം പകർത്തിയ ചിത്രങ്ങൾ ഏറെ ചർച്ചചെയ്യപ്പെട്ടു. മലബാർ മേഖലയിലെ സുപ്രധാന സംഭവങ്ങൾ ക്യാമറയിൽ പകർത്തി. മറാട് , നാദാപുരം കലാപങ്ങൾ, മുത്തങ്ങ വെടിവയ്പ്പ് എല്ലാം അതിൽ ഉൾപ്പെടും. മാധ്യമം, ദി ഹിന്ദു, ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് എന്നി പത്രങ്ങളിൽ ദീർഘകാലം ഫോട്ടോഗ്രാഫർ ആയിരുന്നു. ഫോട്ടോഗ്രഫി പരിശീലന രംഗത്തും സംഭാവനകൾ നൽകി. വയനാട് ബത്തേരി നെൻമേനിക്കുന്നിലെ വീട്ടിൽ ആയിരുന്നു 57കാരനായ ജയന്‍റെ അന്ത്യം. കേവലം ഫോട്ടോകൾക്ക് അപ്പുറം പാരിസ്ഥിതിക രംഗത്ത് ജയൻ അവശേഷിപ്പിച്ച ഫ്രെയിമുകൾ എന്നും ഓർമിക്കപ്പെടും.