uae

TOPICS COVERED

യുഎഇയുടെ ചരിത്രമുഹൂർത്തങ്ങൾ ക്യാമറയില്‍ പകർത്തിയ വിഖ്യാത ഫൊട്ടോഗ്രഫർ രമേശ് ശുക്ല അന്തരിച്ചു. 1971-ൽ യുഎഇ രൂപീകരണ കരാറിൽ ഭരണാധികാരികൾ ഒപ്പുവെക്കുന്ന ചരിത്രപ്രസിദ്ധമായ ചിത്രം പകർത്തിയത് രമേശ് ശുക്ലയാണ്. 87-ാം വയസ്സിലാണ് അന്ത്യം.

1965-ൽ  50 രൂപയും ഒരു ക്യാമറയുമായാണ് അഹമ്മദാബാദ് സ്വദേശിയായ രമേശ് ശുക്ല ദുബായിലെത്തുന്നത്. രാഷ്ട്ര രൂപീകരണ വേളയിൽ ഭരണാധികാരികൾ ഒന്നിച്ചുനിന്ന അപൂർവ്വ ചിത്രം പകർത്തിയ യൂണിയൻ ഹൗസിലെ ചടങ്ങിന്റെ  ദൃക്സാക്ഷി കൂടിയായിരുന്നു അദ്ദേഹം. യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിന്റെ ഭരണകാലത്തെ ഏറ്റവും ഹൃദ്യമായ നിമിഷങ്ങൾ ശുക്ല തന്റെ ക്യാമറയിൽ ഒപ്പിയെടുത്തു. യുഎഇയുടെ വികസന നാൾവഴികളിലെ നിർണ്ണായക ഘട്ടങ്ങളും അദ്ദേഹം ലോകത്തിന് മുന്നിലെത്തിച്ചു. 2018-ൽ ദുബായിൽ അദ്ദേഹം ഒരുക്കിയ ചിത്രപ്രദർശന വേളയിൽ രാഷ്ട്രപിതാവിനോടുള്ള തന്റെ സ്നേഹാദരവ് അദ്ദേഹം മനോരമ ന്യൂസുമായി പങ്കുവെച്ചിരുന്നു.

മരുഭൂമിയിൽ നിന്നും ആധുനിക നഗരത്തിലേക്കുള്ള യുഎഇയുടെ മാറ്റം ഡോക്യുമെന്റ് ചെയ്യുന്നതിൽ വലിയ പങ്കുവഹിച്ചു. ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിലും മരണം വരെ തന്റെ ക്യാമറ നെഞ്ചോട് ചേർത്തുപിടിച്ചു. ഭാര്യ തരുലതയും മകൻ നീൽ ശുക്ലയും അദ്ദേഹത്തിന്റെ കലാജീവിതത്തിന് വലിയ പിന്തുണയാണ് നൽകിയത്. ദുബായ് മെട്രോ സ്റ്റേഷനുകളിലടക്കം  അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. യുഎഇയുടെ ചരിത്രരേഖകളിൽ മായാത്ത മുദ്ര പതിപ്പിച്ചാണ് വിഖ്യാത കലാകാരൻ മടങ്ങുന്നത്.

ENGLISH SUMMARY:

Renowned photographer Ramesh Shukla, who captured historic moments of the UAE's formation and development, has passed away at the age of 87. His iconic photographs documented the nation's journey from its inception to a modern metropolis, leaving an indelible mark on its history.