പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ആഗോള എണ്ണവില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച (മെയ് 15) യുഎഇയിലേക്ക് പുറപ്പെടും. അഞ്ച് രാഷ്ട്രങ്ങളാണ് അദ്ദേഹം പര്യടനത്തില്‍ സന്ദര്‍ശിക്കുന്നത്. യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി അദ്ദേഹം നടത്തുന്ന കൂടിക്കാഴ്ചയാണ് ഈ പര്യടനത്തിലെ ഏറ്റവും ശ്രദ്ധേയം. യു.എ.ഇ സന്ദർശനത്തിന് ശേഷം മെയ് 20 വരെ നീളുന്ന പര്യടനത്തിൽ നെതർലൻഡ്‌സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നീ രാജ്യങ്ങളും പ്രധാനമന്ത്രി സന്ദർശിക്കും.
ഇറാൻ-അമേരിക്ക സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള ഇന്ധന നീക്കം തടസ്സപ്പെട്ടത് ഇന്ത്യയുടെ വിദേശ കറൻസി കരുതൽ ശേഖരത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഈ സാഹചര്യത്തിൽ ഊർജ്ജ മേഖലയിലെ സഹകരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി യു.എ.ഇയിൽ എത്തുന്നത്.
ഇന്ത്യയുടെ പ്രധാന എണ്ണ വിതരണക്കാരായ യു.എ.ഇയുമായി ദീർഘകാല ഊർജ്ജ പങ്കാളിത്തം പ്രധാനമന്ത്രി ചർച്ച ചെയ്യും. ഹരിത ഹൈഡ്രജൻ, പുനരുപയോഗ ഊർജ്ജം തുടങ്ങിയ മേഖലകളിൽ പുതിയ കരാറുകൾ ഒപ്പിടാനും സാധ്യതയുണ്ട്.
പശ്ചിമേഷ്യൻ പ്രതിസന്ധി നീണ്ടുനിൽക്കാൻ സാധ്യതയുള്ളതിനാൽ രാജ്യത്തെ ഇന്ധന ഉപയോഗത്തിൽ ജനങ്ങൾ സ്വയം നിയന്ത്രണം ഏർപ്പെടുത്തണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. മെട്രോകൾ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കാനും 'വർക്ക് ഫ്രം ഹോം' രീതികൾ പ്രോത്സാഹിപ്പിക്കാനും അദ്ദേഹം നിർദ്ദേശിച്ചു. വിദേശ വിനിമയ ശേഖരം സംരക്ഷിക്കുന്നതിനായി അനാവശ്യ വിദേശ യാത്രകൾ ഒഴിവാക്കണമെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.
അതിനിടെ പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഇന്ധന പ്രതിസന്ധി ഉണ്ടാകുമെന്ന ആശങ്കകൾ തള്ളിക്കളഞ്ഞ് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. രാജ്യത്ത് ആവശ്യത്തിന് ഇന്ധന ശേഖരമുണ്ടെന്നും വിതരണ ശൃംഖലയിൽ തടസ്സമുണ്ടാകാതിരിക്കാൻ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പശ്ചിമേഷ്യൻ സാഹചര്യങ്ങൾ വിലയിരുത്താൻ ചേർന്ന മന്ത്രിതല സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.എ.ഇയിലെ 45 ലക്ഷത്തോളം വരുന്ന ഇന്ത്യൻ പ്രവാസികളുടെ ക്ഷേമവും സന്ദർശനത്തിൽ ചർച്ചയാകും. പശ്ചിമേഷ്യൻ യുദ്ധം ആഗോള വിതരണ ശൃംഖലയെ ബാധിച്ചിരിക്കുന്ന വേളയിൽ, പ്രധാനമന്ത്രിയുടെ ഈ സന്ദർശനം ഇന്ത്യയുടെ ഊർജ്ജ സുരക്ഷയിൽ നിർണ്ണായക വഴിത്തിരിവാകുമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ.